ഫ്രാന്‍സില്‍ മരണസംഖ്യ 15,000-ലേയ്ക്ക്: മെയ് 11 വരെ ലോക്ക്ഡൗണ്‍ നീട്ടുന്നു
പാരിസ്: ഫ്രാന്‍സിലും കൊറോണ വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുതിക്കുന്നു. രാജ്യത്തെ പുതിയ സാഹചര്യം കണക്കിലെടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തിങ്കളാഴ്ച വൈകുന്നേരം രാജ്യവ്യാപകമായി മെയ് 11 വരെ ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചു.
ഏപ്രില്‍ 13ന് വൈകിട്ട് ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ചു കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 574 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഫ്രാന്‍സിലെ കൊറോണ വൈറസ് മരണം 14,967 ആയി.
തിങ്കളാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി അറിയിച്ചത്. അതേസമയം നല്ല പൗരന്മാരായി തുടരുകയും ഉത്തരവാദിത്തപരമായും, നിയമങ്ങളെ മാനിക്കുകയും ചെയ്താല്‍ മാത്രമേ ലോക്ക്ഡൗണ്‍ ലഘൂകരിക്കാന്‍ സാധ്യമാകൂ, അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
“ഞങ്ങള്‍ വിഷമകരമായ നിമിഷത്തിലാണ് ജീവിക്കുന്നത്, പക്ഷേ ഞങ്ങളുടെ സംയുക്ത പരിശ്രമം വഴിയായി ഞങ്ങള്‍ പുരോഗമിക്കുകയാണ്”, മാക്രോണ്‍ പറഞ്ഞു. പകര്‍ച്ചവ്യാധി തുടങ്ങിയിരുന്നെങ്കിലും ഇതുവരെ നിയന്ത്രണത്തിലായിരുന്നില്ല. എന്നാല്‍ മാര്‍ച്ച് 17 അര്‍ദ്ധരാത്രി മുതല്‍ ഫ്രാന്‍സ് രാജ്യവ്യാപകമായി കര്‍ശനമായ ലോക്ക്ഡൗണിന് വിധേയമാണ്.
കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ആഴ്ചകളോളം സാമൂഹ്യസമ്പര്‍ക്കം തടയുന്നതു നിര്‍ണായകമാണെന്നും രോഗം വ്യാപനം തടയാന്‍ ഇത് തുടരേണ്ടതുണ്ടെന്നും മാക്രോണ്‍ പറഞ്ഞു. അതിനാല്‍ നിയമങ്ങള്‍ പാലിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരേണ്ടതുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.