സ്പ്രിംഗ്‌ളറില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍ ; പുതിയ സൈറ്റിലെ ഡാറ്റയും സിപ്രിംഗ്‌ളര്‍ സെര്‍വറിലേക്ക് എന്ന് ആരോപണം
സ്പ്രിംഗ്‌ളറില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. അമേരിക്കന്‍ കമ്പനിക്ക് രോഗികളുടെ വിവരങ്ങള്‍ കൈമാരുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി അവസാനം നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഇനി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ മതിയെന്ന പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തത് രാഷ്ട്രീയമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിജയമായി. നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളും അപ്ലോഡ് ചെയ്യേണ്ട എന്നാണ് നിര്‍ദേശം. തദ്ദേശഭരണവകുപ്പാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ വിവാദകമ്പനിയുടെ സൈറ്റില്‍നിന്ന് ഐടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കിയിട്ടുണ്ട്.
സ്പ്രിംഗ്‌ളര്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാര്‍ തലത്തില്‍ ശേഖരിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്റെ ഡാറ്റാ സെന്ററിലേക്ക് എന്തുകൊണ്ട് അപ്ലോഡ് ചെയ്യുന്നില്ല എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സിഡിറ്റിനോ ഐടി മിഷനോ ചെയ്യാന്‍ കഴിയുന്ന ജോലി അമേരിക്കന്‍ കമ്പനിയെ ഏല്പിച്ചത് എന്തിനാണ് എന്നും പ്രതിപക്ഷ നേതാവ് എന്നാല്‍ പ്രതിപക്ഷ നേതാവ് പറയുന്നതു പോലെ സ്പ്രിംഗ്‌ളര്‍ ഒരു പിആര്‍ കമ്പനി അല്ല ഒരു മലയാളിയാണ് ഇതിന്റെ തലപ്പത്ത് എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.കൂടുതല്‍ കാര്യങ്ങള്‍ ഒന്നും മുഖ്യമന്ത്രി വിശദീകരിച്ചതും ഇല്ല, എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞത് ഇക്കാര്യത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
അതേസമയം കോവിഡ് വിവരശേഖരണത്തിന് അമേരിക്കന്‍ കമ്പനിയായി സ്പ്രിംഗ്‌ളറിനെ ഒഴിവാക്കിയെന്നത് ഉറപ്പുവരുത്താന്‍ വരട്ടെയെന്ന് അറിയിപ്പുമായി കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. വാര്‍ഡ് തലത്തില്‍ രേഖകള്‍ ശേഖരിക്കാന്‍ പറഞ്ഞിരിക്കുന്ന പുതിയ പേജ് https://housevisit.kerala.gov.in/ പഴയ സ്പ്രിങ്ക്‌ളര്‍ സെര്‍വറിലേക്കു https://kerala-field-covid.sprinklr.com/ തന്നെ പോകുന്നതായി സംശയമുണ്ടെന്നാണ് എംഎല്‍എ ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കുന്നത്.
ഡേറ്റ നമ്മള്‍ അറിയാതെ സ്പ്രിങ്ക്‌ളെറിന് കൊടുക്കുകയും ആ ഡേറ്റ ഉപയോഗിച്ച് കേരളത്തിലെ എല്ലാ കാര്യവും സ്പ്രിങ്ക്‌ളെറാണ് ചെയ്യുന്നതെന്ന് പറഞ്ഞ് വലിയ ഒരു ബിസിനസ് ഉണ്ടാക്കിയെടുക്കാനുമുള്ള ശ്രമമാണ് ഈ കമ്പനി നടത്തുന്നത്, അതിന് കേരള സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നു. സ്പ്രിംഗ്ളര്‍ ഡോട്ട് കോമിന്റെ ലീഗര്‍ പ്രോസസില്‍ പറയുന്നതു പോലെ കേരള സര്‍ക്കാര്‍ എന്തെങ്കിലും നിബന്ധന പറഞ്ഞിട്ടുണ്ടോ എന്നറിയാന്‍ എഗ്രിമെന്റ് പരസ്യപ്പെടുത്തിയേ മതിയാവൂ- എന്നും ശബരീനാഥന്‍ പറഞ്ഞു.