നാലാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം ; പോലീസ് അനാസ്ഥയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ

നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഇതുവരെ ഒരു നടപടിയും കൈക്കൊള്ളാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതിന് ശേഷവും മുഖ്യമന്ത്രി സഹിതം വിഷയത്തില്‍ മൌനം പാലിക്കുകയാണ്. കുട്ടിക്ക് നീതി ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടു ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് സാംസ്‌കാരിക നായകര്‍ .

കെ.ആര്‍ മീര, കെ.സച്ചിദാനന്ദന്‍, ബി.ആര്‍.പി ഭാസ്‌കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി തയ്യാറാക്കിയത്. ലോക്ക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പരാതിയില്‍ ഇവര്‍ പറയുന്നു. പ്രതിയെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.അതുപോലെ സോഷ്യല്‍ മീഡിയയും കുട്ടിക്ക് നീതിലഭിക്കണം എന്ന പേരില്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തില്ല എങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം വിഷയത്തില്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.

പരാതിയുടെ പൂര്‍ണ്ണരൂപം :

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കൂത്തുപറമ്പ് എം.എല്‍.എ കൂടിയായ ബഹുമാനപ്പെട്ട ആരോഗ്യ,വനിതാ ശിശുക്ഷേമകാര്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെയും അടിയന്തര ശ്രദ്ധക്ക്,താഴെ പറയുന്നവര്‍ സമര്‍പ്പിക്കുന്ന പരാതി

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍പ്പെട്ട പാലത്തായിയില്‍ ഒരു നാലാം ക്ലാസുകാരി പെണ്‍കുട്ടി സ്വന്തം സ്‌കൂളിലെ അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്കി, പോക്‌സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞു. ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.

ആദ്യം ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ വീട്ടില്‍ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂര്‍ പൊലീസ് മൊഴിയെടുത്ത് FIR രജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് വൈദ്യപരിശോധന നടത്തുകയും മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയെ ഹാജരാക്കി മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു. എന്നാല്‍, പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്.

ഡി വൈ എസ് പി തന്നെ മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍, പല പ്രാവശ്യം ഡിവൈഎസ്പിയും സിഐയും നാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി. പിന്നീട് മാര്‍ച്ച് 27ന് കുട്ടിയുടെ മാനസികനില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക്ഡൗണ്‍ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചു വിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ സംരക്ഷകരാകേണ്ട അധ്യാപകന്‍ തന്നെയാണ് പ്രതിസ്ഥാനത്ത് എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ലോക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ എത്രയും വേഗം പ്രതിയെ അറസ്റ്റു ചെയ്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കണം എന്നിരിക്കെ പ്രതിയെ അറസ്റ്റുചെയ്യാന്‍ പോലും തയ്യാറാകാത്തത് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നു.

വാളയാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണം. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെയും എം.എല്‍.എയുടെയും ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.