നരഗസൂരന്‍ ഡിജിറ്റല്‍ റിലീസ് ഇല്ല എന്ന് നിര്‍മ്മാതാക്കള്‍

തമിഴിലെ യുവസംവിധായകരില്‍ ശ്രദ്ധേയനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത നഗരസൂരന്‍ എന്ന ചിത്രം ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗൗതം മേനോനുമായുള്ള തര്‍ക്കം കാരണം ഇത് വരെ സിനിമ തിയ്യേറ്ററുകളിലെത്തിയിട്ടില്ല. റീലീസ് ചെയ്യുന്നു എന്ന് പല തവണ പ്രചരണങ്ങള്‍ ഉണ്ടായെങ്കിലും ചിത്രം ഇപ്പോഴും പെട്ടിയില്‍ ഇരിക്കുകയാണ്.

എന്നാല്‍ അടുത്തിടെ, ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് നരേന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ച് ഒരു പോള്‍ നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത 87% പേരും ചിത്രം റിലീസ് ചെയ്യണം എന്നാണ് ആവശ്യപ്പെട്ടത്.

പോളിലുണ്ടായ മികച്ച പ്രതികരണത്തെ തുടര്‍ന്ന് നരഗസൂരന്‍ ഡിജിറ്റല്‍ റിലീസിംഗിന് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിയറ്റര്‍ റിലീസ് ചെയ്യാതെ ഓണ്‍ലൈന്‍ വഴി സിനിമ റിലീസ് ചെയ്യിക്കാന്‍ ആയിരുന്നു തീരുമാനം എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ അങ്ങനെയാരു പദ്ധതി നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നില്ല എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ദ ന്യൂസ് മിനുറ്റാണ് ഇക്കാര്യം ചിത്രവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അരവിന്ദ് സ്വാമിയും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.