കേന്ദ്രത്തിനു പിന്നാലെ കേരളം ; വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി എന്‍.പി.ആര്‍ ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി

പരസ്യമായി എതിര്‍ത്തിട്ടു രഹസ്യമായി കേന്ദ്രത്തിനെ പിന്തുണയ്ക്കുന്ന നിലപാട് കേരളം കൈക്കൊണ്ടിട്ടു കാലങ്ങളായി. അവസാനമായി എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ അതിനു വിപരീതമായിട്ടാണ് കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനം. പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി കെ.എസ്.ഇ.ബി എന്‍.പി.ആറും ഉള്‍പ്പെടുത്തി. റഗുലേറ്ററി കമ്മീഷന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് നടപടിയെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കള്‍ പുതിയ കണക്ഷന്‍ അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട തിരിച്ചറിയല്‍ രേഖകളിലാണ് എന്‍.പി.ആര്‍ കാര്‍ഡും ഇടം പിടിച്ചത്. കെ.എസ്.ഇ.ബി വെബ്‌സൈറ്റില്‍ പുതിയ അപേക്ഷ സംബന്ധിച്ച ഭാഗത്തെ സ്റ്റെപ് 1 ല്‍ ഇത് കാണാം.

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ്‌ലൈസന്‍സ് എന്നിവക്കൊപ്പമാണ് എന്‍.പി.ആര്‍ കാര്‍ഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2014 ലെ കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമായാണ് എന്‍.പി.ആര്‍ കാര്‍ഡ് ഉള്‍പ്പെടുത്തിയതെന്നാണ് കെ.എസ്.ഇ.ബി നല്‍കുന്ന വിശദീകരണം. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര് ആവര്‍ത്തിക്കുന്നതിനിടെയാണ് കെ.എസ്.ഇ.ബി എന്‍.പി.ആര്‍ കാര്‍ഡിനെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.