170 ജില്ലകള്‍ കൊവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു

ഇന്ത്യയിലെ 170 ജില്ലകളെ കൊവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കൊവിഡിന്റെ നിയന്ത്രണങ്ങള്‍ക്കും ഇളവുകള്‍ക്കുമായി രാജ്യത്തെ ജില്ലകളെ മൂന്നായി തരംതിരിക്കും. അതിതീവ്ര ബാധിത ജില്ലകള്‍, അതിതീവ്രമല്ലാത്ത മേഖലകള്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെയായിരിക്കും തരംതിരിക്കുക. അതിതീവ്ര മേഖലകളില്‍ വീടുവീടാന്തരം കയറി പരിശോധന നടത്തും.

ഗ്രീന്‍ സോണിലുള്ള പ്രദേശങ്ങളില്‍ ഇരുപതാം തിയതിക്ക് ശേഷം നിയന്ത്രണങ്ങള്‍ അനുവദിക്കും. സംസ്ഥാനങ്ങളുമായി ചേര്‍ന്നായിരിക്കും നിയന്ത്രണങ്ങള്‍ തീരുമാനിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗ്രീന്‍ സോണില്‍ നിലവില്‍ 210 ജില്ലകളാണുള്ളത്. ഹോട്ട്സ്പോട്ടുകളില്‍ രോഗികളുടെ എണ്ണത്തിന് അനുസരിച്ച് മാറ്റം ഉണ്ടാകും. രോഗവ്യാപനം കണക്കിലെടുത്താകും 20 ാം തിയതിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവില്‍ 15 ജില്ലകളാണ് കൊവിഡ് വിമുക്തമായിട്ടുള്ളത്. കേരളത്തിലെ രണ്ട് ജില്ലകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അതേസമയം ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങള്‍ പുറത്തു വിട്ടിടില്ല.