‘കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍’ കോവിഡ് പ്രതിരോധത്തിനായി കെയര്‍ & ഷെയറുമായി സഹകരിച്ച് മലയാളി സമൂഹത്തിന് കൈത്താങ്ങാകുന്നു
അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: കോവിഡ് 19ന്റെ പ്രതിരോധത്തിനായി രൂപീകരിച്ച കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ കൂട്ടായ്മയുടെ പ്രവര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുവാന്‍ ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെയര്‍ & ഷെയര്‍ എന്ന സന്നദ്ധ സംഘടന മുന്നോട്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സഹായം അര്‍ഹിക്കുന്നവരെ സഹായിക്കുവാനായി കെയര്‍ & ഷെയര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ വേണ്ടിയാണ് കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന കൂട്ടായ്മയുമായി സഹകരിക്കുന്നത്. അര്‍ഹരായ കുടുംബങ്ങള്‍ക്ക് സൗജന്യ പലവ്യഞ്ജനം നല്‍കുവാന്‍ വേണ്ടിയുള്ള പദ്ധതിയുടെയും, ആശുപത്രികളില്‍ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് KN95 മാസ്‌കുകള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെയും പ്രവര്‍ത്തനച്ചുമതലയാണ് കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ കൂട്ടായ്മക്ക് കെയര്‍ & ഷെയര്‍ നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 40,000 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 100 കുടുംബങ്ങള്‍ക്ക് 300 ഡോളര്‍ വരെയുള്ള പലവ്യഞ്ജനം (grocery) ചിക്കാഗോ പ്രദേശത്തെ മലയാളി ഗ്രോസറി കടകള്‍ വഴിയായി സൗജന്യമായി ലഭ്യമാക്കും. ചിക്കാഗോ പ്രദേശത്ത് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വേണ്ടി 30,000 ഡോളര്‍ കെയര്‍ & ഷെയര്‍ ചിലവൊഴിക്കും. ഇതിനു പുറമെയാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി KN 95 മാസ്‌കുകള്‍ നല്‍കുന്നത്. യോഗ്യരായ 500 പേര്‍ക്ക് നാല് മാസ്‌കുകള്‍ വീതം 2000 മാസ്‌കുകളാണ് വിതരണം ചെയ്യപ്പെടുന്നത്. ഈ പദ്ധതികള്‍ക്ക് പുറമെ ചിക്കാഗോയിലും സിയാറ്റിലിലും കൂടി 21000 ഡോളര്‍ ചിലവൊഴിച്ച് യോഗ്യരായവര്‍ക്ക് ഫുഡ് ബാങ്കുകള്‍ വഴിയായി 80000പേര്‍ക്കുള്ള ഭക്ഷണം നല്കുന്നതിനായും 10000 ഡോളര്‍ സിയാറ്റിലില്‍ ഭാവനരഹിതര്‍ക്ക് രക്ഷാകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുമായും പദ്ധതികള്‍ കെയര്‍ & ഷെയര്‍ നടപ്പിലാക്കുന്നുണ്ട്.
1990 മുതല്‍ ചിക്കാഗോയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന കെയര്‍&ഷെയര്‍, സ്ഥിരമായി നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, പല പ്രതിസന്ധിഘട്ടങ്ങളിലും മലയാളി സമൂഹത്തിന് തുണയായി മുന്നോട്ട് വന്നിട്ടുണ്ട്. പ്രളയ കെടുതിയില്‍ സഹായം എത്തിക്കുവാന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ കേരളം സര്‍ക്കാര്‍ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. പ്രളയകാലത്ത് 22 കോടി രൂപ മുഖ്യ മന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്തത് കൂടാതെ 235000 ഡോളര്‍ മുടക്കി 45 വീടുകള്‍ പണിതു കൊടുത്തുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തികളില്‍ മാതൃകയായിട്ടുണ്ട്. ഷിക്കാഗോയില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ധനുമായ ടോണി ദേവസ്യ പ്രസിഡണ്ട് ആയും, പ്രസിദ്ധ ടാക്‌സ് കണ്‍സല്‍ട്ടന്റും & സാമ്പത്തികോപദേഷ്ടാവുമായ ആന്‍ഡ്രൂ തോമസ് CPA സെക്രട്ടറിയായും കെയര്‍ & ഷെയര്‍ നെ നയിക്കുന്നു.
ചുരുങ്ങിയ ആഴ്ചകള്‍ കൊണ്ട് തന്നെ മലയാളി സമൂഹത്തിന് കൈത്താങ്ങായി മാറികൊണ്ട് , നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന് മാതൃകയായ കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ കൂട്ടായ്മയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ കെയര്‍ & ഷെയര്‍ ന് അതിയായ സന്തോഷവും അഭിമാനവുമാണ് എന്ന് കെയര്‍ & ഷെയര്‍ നെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ടോണി ദേവസ്യ അറിയിച്ചു. മുന്നോട്ട് വച്ചിരിക്കുന്ന പദ്ധതികളെ ആത്മാര്‍ത്ഥതയോടെയും നിസ്വാര്‍ത്ഥതയോടെയും അര്‍ഹരായവരിലേക്ക് എത്തിക്കുവാന്‍ കൈകോര്‍ത്ത് ചിക്കാഗോ മലയാളിക്ക് സാധിക്കും എന്നുള്ള ഉത്തമ വിശ്വാസമുള്ളതിനാലാണ് ഈ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി അവരെ തെരെഞ്ഞെടുത്തത് എന്നും കഴിഞ്ഞ കുറെ ആഴ്ചകളായി കൈകോര്‍ത്ത് ചിക്കാഗോ നടത്തിവരുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ തികച്ചും മാതൃകാപരമാണ് എന്ന് സെക്രട്ടറി ആന്‍ഡ്രൂ തോമസ് CPA അറിയിച്ചു. മലയാളി സമൂഹത്തോടൊപ്പം ഒരു താങ്ങായി തണലായി കെയര്‍ & ഷെയര്‍ എന്നും ഉണ്ടായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു.
ഗ്രോസറിയുടെയും മാസ്‌കുകളുടെയും വിതരണത്തിനായി കൈകോര്‍ത്ത് ചിക്കാഗോ മലയാളി കൂട്ടായ്മയെ തെരെഞ്ഞെടുത്തതിന്, കൂട്ടായ്മക്ക് വേണ്ടി ബെന്നി വാച്ചാച്ചിറ, ജിതേഷ് ചുങ്കത്ത്, ബിജി സി മാണി എന്നിവര്‍ നന്ദി അറിയിച്ചു. വര്ഷങ്ങളായി മലയാളി സമൂഹത്തിന് സഹായമായി എന്നും നിലകൊണ്ടുവന്ന കെയര്‍ & ഷെയറുമായി സഹകരിക്കുവാന്‍ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു എന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ പ്രസ്താവിച്ചു. ഈ പദ്ധതികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ ടോള്‍ ഫ്രീ നമ്പരില്‍ (1-833-353-7252) ബന്ധപ്പെടണം എന്ന് അറിയിച്ചു. കെയര്‍ & ഷെയര്‍ നെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി www.careandshare.com സന്ദര്‍ശിക്കുക. കെയര്‍ & ഷെയര്‍ ന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സംഭാവനകള്‍ നല്‍കി പങ്കാളിയാകുവാന്‍ ആഗ്രഹിക്കുന്നവര്‍ 815-588-1403 എന്ന നമ്പരിലോ tdevassy@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്.