ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബില്‍ ഗേറ്റ്‌സ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മൈക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് രംഗത്ത്. ലോകാരോഗ്യ സംഘടന (WHO)യ്ക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി ബില്‍ ഗേറ്റ്‌സ് രംഗത്ത് വന്നത്.
‘ട്രംപിന്റെ നീക്കം അപകടകരം, പകരം വയ്ക്കാനാകില്ല’, എന്നയിരുന്നു ഈ വിഷയത്തില്‍ അദ്ദേഹം പ്രതികാരിച്ചത്. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനം കോവിഡ് 19ന്റെ വ്യാപനത്തെ മന്ദഗതിയിലാക്കുമെന്നും. അവരുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ മറ്റൊരു സംഘടനയ്ക്ക് ഇതിന് പകരമാകാന്‍ സാധിക്കില്ലെന്നും ലോകത്തിന് എന്നത്തേക്കാളും ഇപ്പോള്‍ ലോകാരോഗ്യ സംഘടന ആവശ്യമാണെന്നും ബില്‍ ഗേറ്റ്‌സ് ട്വിറ്ററില്‍ കുറിച്ചു.
ലോകാരോഗ്യ സംഘടന (WHO)യ്ക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ വിവിധ രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളുയരുന്നുണ്ട്. ഡെമോക്രാറ്റിക് പ്രതിനിധികളും ഈ നീക്കത്തെ വിമര്‍ശിച്ചു.
കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്ന കാര്യം അറിയിച്ചത്. കൊറോണ വൈറസിന്റെ യഥാര്‍ത്ഥ വ്യാപ്തി മറച്ചുവെക്കാന്‍ സംഘടന ചൈനയെ അനുവദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അമേരിക്കയുടെ നീക്കത്തിന് മറുപടിയായി പകര്‍ച്ചവ്യാധിയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള സമയമല്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്. പ്രതിവര്‍ഷം 400-500 മില്യണ്‍ ഡോളറാണ് അമരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന സംഭാവന.