കൊറോണ വൈറസിനേക്കാള്‍ വലിയവനാണ് ദൈവം – വിശ്വാസ സമൂഹത്തെ ധൈര്യപ്പെടുത്തിയ ബിഷപ്പ് കൊവിഡിനു കീഴടങ്ങി

പി.പി.ചെറിയാന്‍

വെര്‍ജീനിയ: കൊറോണ വൈറസിനേക്കാള്‍ എത്രയോ വലിയവനാണ് ദൈവമെന്നും ഭയപ്പെടേണ്ടതില്ലെന്നും വിശ്വാസി സമൂഹത്തിന് ധൈര്യം നല്‍കിയ ബിഷപ്പിനെ കൊവിഡ് 19 കീഴടക്കി. ഈസ്റ്ററിന്റെ തലേന്നാണ് ബിഷപ്പ് മരണത്തിനു കീഴടങ്ങിയത്.

നോര്‍ത്ത് ചെസ്റ്റര്‍ ഫീല്‍ഡിലെ ന്യൂ ഡെലിവറന്‍സ് ഇവാഞ്ചലിക്കന്‍ ചര്‍ച്ച് ബിഷപ്പാണ് ജെറാള്‍ഡ് ഒ ഗ്ലെന്‍ .മാര്‍ച്ച് 22നായിരുന്നു ചര്‍ച്ചില്‍ ആരാധനയ്ക്കായ് എത്തിച്ചേര്‍ന്ന വിശ്വാസ സമൂഹത്തിന് ആത്മധൈര്യം പകരുന്ന പ്രസംഗം ബിഷപ്പ് നടത്തിയത്.

സോഷ്യല്‍ ഡിസ്റ്റന്‍സ് സൂക്ഷിക്കണമെന്ന അധികൃതരുടെ ഉത്തരവ് നിലനില്‍ക്കെയാണ് മാര്‍ച്ച് 22 ന് ബിഷപ്പ് ആരാധന സംഘടിപ്പിച്ചത്.എന്നാല്‍ മാര്‍ച്ച് 30നാണ് വെര്‍ജിനിയ ഗവര്‍ണര്‍ സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കിയത്.

മാര്‍ച്ച് 22ന്നു ശേഷം ബിഷപ്പിനും ഭാര്യക്കും കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.തുടര്‍ന്ന് പനിയും ശ്വാസം മുട്ടും ബാധിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മാര്‍ച്ച് 22-നു ബിഷപ്പ് നടത്തിയ പ്രസംഗം അധികൃതരെ നിഷേധിക്കുന്നതിനായിരുന്നില്ല, മറിച്ച് വിശ്വാസികള്‍ക്ക് ധൈര്യം പകരുന്നതിനായിരുന്നുവെന്ന് മകള്‍ പിന്നീട് പറഞ്ഞു. ദൈവത്തിന്റെ സൗഖ്യദായക ശുശ്രൂഷയില്‍ തങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഭൂമിയിലെ ശുശ്രൂഷ പൂര്‍ത്തിയാക്കി വിശ്രമത്തിലേക്ക് പ്രവേശിച്ചിരിക്കയാണെന്നാണ് സഹ വിശ്വാസികള്‍ പറഞ്ഞത്.