നഴ്സുമാരുടെ സുരക്ഷാ ഉറപ്പാക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി -പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടലിന് അംഗീകാരം
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേകിച്ച്, നഴ്സുമാര്‍ നേരിടുന്ന വിഷയങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കോടതിയുടെ തീര്‍പ്പ്. അസ്സോസിയേഷനുവേണ്ടി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമാണ് ഹാജാരായത്.
മറ്റു നഴ്സിംഗ് സംഘടനകളും കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ സമഗ്രമായ ഒരു മാര്‍ഗ്ഗരേഖ തയ്യാറാക്കണം എന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്കി.പി പി ഇ. കിറ്റുകളുടെ അഭാവം, വേതനം വെട്ടികുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, താമസ സ്ഥലത്തു നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ തുടങ്ങി ആരോഗ്യപ്രവര് ത്തകരായ നഴ്സുമാര്‍ തൊഴില്‍ സ്ഥലത്തും, പുറത്തും നേരിടുന്ന വിഷയങ്ങള്‍ അറിയിക്കാന്‍ ഹെല്പ് ലൈന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നും, അതിലൂടെ അറിയിക്കുന്ന വിഷയങ്ങള്‍ ദിവസേന പരിഹരിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജാരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു.
സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹവും ആരോഗ്യപ്രവര്‍ത്തകരുടെ വിഷയങ്ങള്‍ക്ക് ആശ്വാസം പകരുന്നതുമാണ്. സമൂഹത്തിലെ വിവിധ മേഖല യിലുള്ളവരുടെ വിഷയങ്ങളില്‍ ഇടപെടുന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണിതെന്ന് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്ട്രി ഹെഡ് ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു.