വാര്‍ഷിക വാടക 18 കോടിയോളം രൂപ ; കേരള പൊലീസിന് പറക്കാന്‍ ഹെലികോപ്റ്റര്‍ എത്തി
വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്തും കേരളാ പോലീസിനു പറക്കാന്‍ ഹെലികോപ്ടര്‍ എത്തി. വാടകക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. മാസം ഒരു കോടി നല്‍പ്പത്തിനാല് ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ വാടക.
11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍ ഡല്‍ഹിയിലെ പവന്‍ ഹന്‍സില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചത്. പൈലറ്റടക്കം മൂന്ന് ജീവനക്കാരാണുള്ളത്. പൊലീസിനും സര്‍ക്കാരിനും ഉപയോഗിക്കാനാവുന്ന തരത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലാകും ഹെലികോപ്ടര്‍ സൂക്ഷിക്കുക. ഒരു മാസം ഇരുപത് മണിക്കൂര്‍ പറത്താന്‍ ഒരു കോടി നാല്‍പ്പത്തി നാല് ലക്ഷം രൂപയാണ് വാടക.
മാവോയിസ്റ്റ് നിരീക്ഷണം മുഖ്യ അവശ്യമായി പറഞ്ഞും പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങളിലെ ഉപയോഗത്തിനെന്ന പേരിലുമാണ് ഹെലികോപ്ടര്‍ വാടകക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ചീഫ് സെക്രട്ടറിയും ഡി.ജി.പിയും അടങ്ങുന്ന സമിതിയാണ് പൊതുമേഖല സ്ഥാപനമായ പവന്‍ ഹന്‍സിനെ തിരഞ്ഞെടുത്തത്. ഇത് അമിത തുകയെന്നും ധൂര്‍ത്തെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയോടെ കോവിഡ് പ്രതിസന്ധിക്കിടെ ഒന്നരക്കോടി മുന്‍കൂര്‍ തുക നല്‍കി സര്‍ക്കാര്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നു. ഇതിലും കുറഞ്ഞ തുക വാടക പറഞ്ഞ കമ്പനിയെ ഒഴിവാക്കിയാണ് പവന്‍ ഹന്‍സിനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്.