സൂം ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍

സൂം ആപ് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിഡിയോ കോണ്‍ഫറന്‍സ് നടത്തനായി ആളുകളിപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ ആണ് സൂം. എന്നാല്‍ ആപ് സ്വകാര്യതയെ മാനിക്കുന്നില്ലെന്ന വാദം പരക്കെ ഉയര്‍ന്നിരുന്നു. അതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളും ഉദ്യോഗസ്ഥരും സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.

സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട്-ഇന്ത്യ സൂം ആപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സെര്‍ട്ട് ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി സൂം ആപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍. അജ്ഞാതര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ നുഴഞ്ഞു കയറുന്നത് തടയുക, ഇത്തരക്കാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തടയുക, ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണങ്ങള്‍ തടയാന്‍ കോണ്‍ഫറന്‍സുകളില്‍ പ്രവേശിക്കാന്‍ പാസ്വേഡുകള്‍ നല്‍കുക എന്നിങ്ങനെയാണ് സെര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍. സൂം അക്കൗണ്ടിലെ സെറ്റിംഗ്സില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്താം.

സൂം ആപ്ലിക്കേഷനിലെ പാസ്സ്വേര്‍ഡുകള്‍ ചോരുകയും വീഡിയോ കോണ്‍ഫറന്‍സിനിടെ അജ്ഞാതര്‍ നുഴഞ്ഞുകയറുകയും ചെയ്ത സംഭവങ്ങള്‍ വിവാദമായിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. വ്യവസായ സ്ഥാപനങ്ങള്‍ വരെ വെബിനാറുകള്‍ക്കും വിഡിയോ കോണ്‍ഫറന്‍സുകള്‍ക്കും സൂം ഉപയോഗിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സൂം ആളുകള്‍ മറ്റുള്ളവരെ കാണാനായും സംഭാഷണം നടത്താനായും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരുന്നു. അമേരിക്കയില്‍ ലോക് ഡൌണ്‍ നിലവില്‍ വന്നതിനുശേഷം രണ്ടാഴ്ച്ചകൊണ്ട് പതിനെട്ടുകോടി ആളുകളാണ് ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്തത്. ഇന്ത്യയിലും ആപ്പിനു ഇപ്പോള്‍ ഉപയോക്താക്കള്‍ കൂടുതലാണ്.