പ്രവാസികളെ നാട്ടിലെത്തിക്കാനാകില്ല : കേന്ദ്രം

കൊറോണ കാരണം വിദേശത്ത് ഒറ്റപ്പെട്ട പ്രവാസികളെ ഉടനെ നാട്ടിലെത്തിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കെ.എം.സി.സി നല്‍കിയ ഹരജിയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ പ്രവാസികള്‍ക്ക് നിലവില്‍ അവര്‍ താമസിക്കുന്നിടത്ത് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. ഇതിനായി എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

13 മില്യണ്‍ ആളുകള്‍ പ്രവാസി ഇന്ത്യക്കാരായുണ്ട്. ഇവരെയെല്ലാം നാട്ടിലെത്തിക്കുക അപ്രായോഗികമാണെന്നും കേന്ദ്രം അറിയിച്ചു. പ്രവാസികള്‍ക്ക് അവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. കൂടുതല്‍ ആളുകള്‍ രാജ്യത്തേക്കെത്തുന്നത് കൊവിഡ് പ്രതിരോധത്തെ ബാധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോക്ക് ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിമാന കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.