കൊറോണ വൈറസ് ; മരണസംഖ്യ തിരുത്തി ചൈന

കൊറോണ വൈറസ് കാരണം മരിച്ചവരുടെ കണക്കില്‍ തിരുത്തലുമായി ചൈന. ഇതോടെ കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനിലെ കൊവിഡ് മരണസംഖ്യയില്‍ 50 ശതമാനം വര്‍ധനയുണ്ടായി. ചൈനയുടെ കൊവിഡ് മരണക്കണക്ക് കൃത്യമല്ലെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചൈന മരണകണക്ക് തിരുത്തിയത്.

വുഹാനിലെ മരിച്ചവരുടെ എണ്ണം 2579ല്‍ നിന്ന് 3869 ആയാണ് ചൈന തിരുത്തിയിരിക്കുന്നത്. നേരത്തെ 3346 ആയിരുന്ന ചൈനയിലെ കൊവിഡ് മരണ സംഖ്യ ഇതോടെ 4636 ആയി. ഇതില്‍ തന്നെ 4512 പേര്‍ ഹ്യൂബി പ്രവിശ്യയിലാണ് മരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസവും ഡൊണാള്‍ഡ് ട്രംപ് ചൈനയുടെമേല്‍ ഇക്കാര്യത്തില്‍ ആരോപണമുന്നയിച്ചിരുന്നു. ചൈനയ്ക്ക് പുറമെ റഷ്യ, ഉത്തര കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ കാര്യത്തിലും ട്രംപ് ഈ വാദം ഉന്നയിക്കുന്നുണ്ട്. ചൈനയിലെ കൊവിഡ് മരണസംഖ്യ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോയെന്നും അവര്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നുമാണ് ട്രംപ് പറയുന്നത്.

ചൈനയില്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ട്. പക്ഷേ അമേരിക്കയില്‍ ഒരോ മരണവും രേഖപ്പെടുത്തുന്നുണ്ട്. അമേരിക്കയുടെ രീതി മികച്ചതാണ്. അമേരിക്കയില്‍ മരിക്കുന്ന എല്ലാവരുടെ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചില രാജ്യങ്ങളില്‍ വലിയ പ്രശ്‌നങ്ങളാണുള്ളത്. എന്നാല്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ കൃത്യമായി അവര്‍ പുറത്ത് വിടുന്നില്ല. 77000 പേര്‍ രോഗമുക്തി നേടിയ ചൈനയില്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നവരുടെ എണ്ണം 83428 ആണ്. തങ്ങള്‍ വൈറസിന്റെ വ്യാപനത്തെ പിടിച്ചു കെട്ടി എന്നാണ് ചൈന അവകാശപ്പെട്ടത്.