മാനവരാശിക്ക് ഭീഷണിയായ മഹാമാരികള്‍ ; മലേറിയ അഥവാ മലമ്പനി
ബി എന്‍ ഷജീര്‍ ഷാ
മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും കാണപ്പെടുന്ന ഒരു രോഗമാണ് മലേറിയ അഥവാ മലബനി. കൊതുകാണ് ഈ രോഗത്തിന്റെ വാഹകര്‍. ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. ഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍ , പ്ലാസ്‌മോഡിയം ജനുസ്സില്‍ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ അരുണ രക്താണുക്കളില്‍ ഗുണീഭവിയ്ക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അനോഫിലിസ് ജെനുസ്സില്‍ പെടുന്ന ചില ഇനം പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്.
ചരിത്രരേഖകളിലെ ഏറ്റവും പുരാതന രോഗമാണ് മലമ്പനി. പതിനെട്ടാം നൂറ്റാണ്ടില്‍ ഇറ്റലിക്കാരാണ് ചതുപ്പ് നിലങ്ങളില്‍നിന്നും ഉണ്ടാകുന്ന മലിനമായ വായു( bad air : mal+air = Mal’aria )വുമായി ബന്ധപ്പെടുത്തി മലേറിയ എന്ന പേര് ഈ രോഗത്തിന് നല്‍കിയത്. 1880 ല്‍, ലാവേരന്‍ (Laveran) എന്ന ഫ്രഞ്ച് പട്ടാള ഭിഷഗ്വാരനാണ് ആഫ്രിക്കയിലെ അല്ജിയേര്‍സില്‍ വച്ച് പ്ലാസ്‌മോഡിയം രോഗാണുവിനെ കണ്ടെത്തിയത്. ആഫ്രിക്കയിലെ നാടന്‍ കഥകളില്‍ കീടങ്ങള്‍ അഥവാ കൊതുകാണ് മലമ്പനി ഉണ്ടാക്കുന്നതെന്ന് പണ്ടേ വിവരിച്ചിരുന്നു. പക്ഷേ, അനോഫെലിസ് പെണ്‍കൊതുകുകളാണ് മലമ്പനി പകര്‍ത്തുന്നതെന്ന് കണ്ടുപിടിച്ചത് സര്‍ റൊണാള്‍ഡ് റോസ് (Sir Ronald rose) ആയിരുന്നു. 1897ല്‍, ഇന്ത്യയിലെ സെക്കന്ദരബാദില്‍ വച്ചാണ് അനോഫെലിസ് സ്ടീഫന്‍സി (Anopheles stephensi) ഇനം പെണ്‍കൊതുകുകളുടെ ആമാശയ ഭിത്തിയില്‍നിന്നും പ്ലാസ്‌മോഡിയത്തിന്റെ ഊസിസ്ട്കളെ (Oocysts) അദ്ദേഹം കണ്ടെത്തിയത്. മലമ്പനി ബാധിതരെ കടിച്ച കൊതുകുകളെ പരിശോധിച്ചാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
പനി, ഉയര്‍ന്ന പനി (High fever ) , വിറയല്‍, തലവേദന , ഓര്‍ക്കാനം, ശര്‍ദ്ധി , വിളറിയ-മഞ്ഞിച്ച തൊലിപ്പുറം , സന്ധി വേദന , വിളര്‍ച്ച, മൂത്രത്തിന്റെ നിറം മാറ്റം എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍. ശ്വസനപ്രക്രീയ ബുദ്ധിമുട്ടുള്ളതാവുക ഫാല്‍സിപ്പാറം മലേറിയയില്‍ 25% മുതിര്‍ന്നവര്‍ക്കും 40% കുട്ടികള്‍ക്കും കാണപ്പെടാറുണ്ട്. മലേറിയയോടൊപ്പം എച്ച്.ഐ.വി. ബാധയുണ്ടെങ്കില്‍ മരണസാദ്ധ്യത കൂടുതലാണ്. ഗര്‍ഭിണികളിലെ മലേറിയ ബാധ മൂലം കുട്ടി ചാപിള്ളയാകാനും, ഭാരക്കുറവുള്ള കുട്ടിയെ പ്രസവിക്കാനും, ജനിച്ച് ഒരുവര്‍ഷത്തിനകം മരിക്കാനും കാരണമാകാറുണ്ട്.
അനോഫലീസ് ജനുസ്സില്‍പ്പെട്ട ചില ഇനം പെണ്‍ കൊതുകുകള്‍ ആണ് മലമ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പരത്തുന്നത്. ഇന്ത്യയില്‍ അറുപതിലധികം ഇനം (species ) അനോഫലീസ് കൊതുകുകള്‍ ഉണ്ടെങ്കിലും , പത്തോളം ഇനങ്ങള്‍ മാത്രമാണ് രോഗം പരത്താന്‍ കഴിവുള്ളവ. അനോഫെലീസ് സ്ടീഫന്‌സി, അനോഫലീസ് കൂലിസിഫാസിസ് എന്നീ രണ്ടിനങ്ങള്‍ ആണ് മുഖ്യ രോഗ വാഹക കീടങ്ങള്‍ (Primary vectors ) . അനോഫെലീസ് സ്ടീഫന്‌സി ആണ് കേരളത്തില്‍ ഉള്‍പ്പെടെ ഉള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലമ്പനി വ്യാപിപ്പിക്കുന്നത്. അനോഫലീസ് പെണ്‍ കൊതുകുകള്‍ രക്തം കുടിച്ചു രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം ശുദ്ധ ജലത്തില്‍ മുട്ടകള്‍ ഇടുന്നു.
ഒന്നോ രണ്ട ദിവസത്തിന് ശേഷം, മുട്ട വിരിഞ്ഞു പുറത്തു വരുന്ന കൂത്താടികള്‍(ലാര്‍വ) , അഞ്ചില്‍പ്പരം ദിവസങ്ങളിലൂടെ , നാല് ദശകള്‍ പിന്നിട്ടു സമാധി ദശ (Pupa ) പ്രാപിക്കുന്നു . രണ്ടു ദിവസത്തിനകം, പൂര്‍ണ വളര്‍ച്ച എത്തിയ കൊതുകുകള്‍ സമാധി ദശ പൊട്ടി പുറത്തേക്ക് പറന്നുയരുന്നു. താരതമ്യേന ഉയര്‍ന്ന താപ നിലയും, അന്തരീക്ഷ ഈര്‍പ്പാവസ്ഥയും, ഇടവിട്ടുള്ള മഴയും കൊതുക്കളുടെ വംശ വര്‍ധനയ്ക്ക് ഏറ്റവും അനുയോജ്യമാണ്.
ഏഷ്യ, ആഫ്രിക്ക, അമേരിക്ക ഭൂഖണ്ഡങ്ങളിലെ ഭൂമദ്ധ്യരേഖയോടടുത്തുള്ള രാജ്യങ്ങളിലാണു കൂടുതലായി ഈ അസുഖം കണ്ടുവരുന്നത് . ലോകമെമ്പാടുമായി, പ്രതിവര്‍ഷം 35 കോടി മുതല്‍ 50 കോടി വരെ ആളുകള്‍ക്ക് മലമ്പനി ബാധ ഉണ്ടാകുന്നുണ്ട്. മുപ്പതുലക്ഷം പേരെങ്കിലും മരിക്കുന്നുമുണ്ട്. കുട്ടികളും ഗര്‍ഭിണികളും ആണ് കൂടുതലും മരണപ്പെടുന്നത്. ആഫ്രിക്കയിലെ സഹാറ മരുഭൂമിയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് 90 ശതമാനം മരണങ്ങളും . മലമ്പനിയും ദാരിദ്ര്യവും പരസ്പര പൂരകങ്ങളാണ്, ദാരിദ്ര്യത്തിനുള്ള ഒരു പ്രധാന കാരണവും,സാമ്പത്തിക വികസ്സനത്തിനുള്ള തടസ്സവും മലമ്പനിയാണ്.
രോഗബാധയുണ്ടായി 8-25 ദിവസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ സാധാരണഗതിയില്‍ കാണപ്പെട്ടുതുടങ്ങുന്നത്. രോഗപ്രതിരോധത്തിനായി ആന്റിമലേറിയല്‍ മരുന്നുകള്‍ കഴിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ താമസിച്ചു കാണപ്പെട്ടേയ്ക്കാം. എല്ലാ മലേറിയ രോഗകാരികള്‍ക്കും ആദ്യ രോഗലക്ഷണങ്ങള്‍ ഒരുപോലെയാണ്. ഫ്‌ലൂ മാതിരിയുള്ള ലക്ഷണങ്ങളാണ് ആദ്യം കാണപ്പെടുന്നത്. രക്തത്തിലെ അണുബാധ, ഗാസ്‌ട്രോ എന്ററൈറ്റിസ്, വൈറല്‍ രോഗങ്ങള്‍ എന്നിവയോടും രോഗലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
തലവേദന, പനി, വിറയല്‍, സന്ധിവേദന, ഛര്‍ദ്ദി, ഹീമോലിറ്റിക് അനീമിയ, മഞ്ഞപ്പിത്തം, ഹീമോഗ്ലോബിന്യൂറിയ, റെറ്റിനയ്ക്ക് തകരാറുസംഭവിക്കുക, കോട്ടല്‍ എന്നീ രോഗലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. 30% ആള്‍ക്കാര്‍ക്കും ആശുപത്രിയിലെത്തുമ്പോള്‍ പനി കാണപ്പെടില്ല. സാധാരണയായി മലമ്പനി കാണപ്പെടാത്ത മേഖലകളില്‍ രോഗലക്ഷണങ്ങളുടെ അവ്യക്തത കാരണം മലമ്പനി തിരിച്ചറിയാന്‍ സാധിക്കാറില്ല. അടുത്തകാലത്ത് ദൂരയാത്ര നടത്തിയ വിവരം, പ്ലീഹയുടെ വലിപ്പം വര്‍ദ്ധിക്കല്‍, കാരണമറിയാത്ത പനി, ത്രോംബോസൈറ്റോപീനിയ, ബിലിറൂബിന്റെ വര്‍ദ്ധന, ശ്വേതരക്താണുക്കളുടെ എണ്ണത്തിലെ വര്‍ദ്ധന എന്നിവ രോഗനിര്‍ണ്ണയത്തെ സഹായിക്കും.
ചാക്രികമായി പനി വരുകയും പോവുകയും ചെയ്യുകയും (പരോക്‌സിസം) അതോടൊപ്പം വിറയല്‍ റിഗര്‍, പനി, വിയര്‍പ്പ് എന്നിവ കാണപ്പെടുകയും ചെയ്യുക എന്നത് മലമ്പനിയുടെ ലക്ഷണമാണ്. ഇത് പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ്‌മോഡിയം ഒവേല്‍ എന്നീ തരം രോഗകാരികളില്‍ രണ്ടു ദിവസം കൂടുമ്പോഴാണ് സാധാരണഗതിയില്‍ ഉണ്ടാവുക. പ്ലാസ്‌മോഡിയം മലേറിയേ. പ്ലാസ്‌മോഡിയം ഫാല്‍സിപ്പാറം എന്നിവയൈല്‍ 36-48 മണിക്കൂര്‍ കൂടുമ്പോഴോ സ്ഥിരമായി നില്‍ക്കുന്നതോ ആയ പനിയാണ് കാണുന്നത്.
സെറിബ്രല്‍ മലേറിയ എന്ന തരം മലേറിയ തലച്ചോറിലെ വീക്കമുണ്ടാക്കും (എന്‍സെഫലോപതി). പ്ലാസ്‌മോഡിയം ഫാല്‍സിപ്പാറം എന്നയിനം രോഗകാരിയാണ് ഇത്തരം അസുഖത്തിന്റെ കാരണം. കേന്ദ്രനാടീവ്യൂഹവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ (അസ്വാഭാവാകികമായ രീതിയില്‍ ശരീരം കാണപ്പെടുക, നിസ്റ്റാഗ്മസ്, കണ്ണുകള്‍ രണ്ടും ഒരേ ദിശയില്‍ നീക്കാന്‍ കഴിയാതെവരുക, ഒപിസ്‌തോടോണസ്, കോട്ടല്‍, കോമ എന്നീ രോഗലക്ഷണങ്ങളും കാണപ്പെടാറുണ്ട്.
1874ല്‍ ഡി. ഡി. ടി (DDT) സംശ്ലേഷിച്ചിരുന്നെങ്കിലും , 1939ല്‍ പാള്‍ മുള്ളര്‍ (Paul Muller) എന്ന സ്വിസ് ശാസ്ത്രജ്ഞനാണ് അതിന്റെ കീടസംഹാരഗുണങ്ങള്‍ തിരിച്ചറിഞ്ഞ് നോബല്‍ സമ്മാനം നേടിയത്. മലമ്പനി നിയന്ത്രണ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് ഇതോടെ തുടക്കമായി. 1948ല്‍ പമ്പാന (Pampana) മലമ്പനി നിര്‍മാര്‍ജ്ജനം എന്ന ആശയം അവതരിപ്പിച്ചു. 1951ല്‍ ലോകാരോഗ്യ സംഘടന ഏഷ്യയില്‍ മലമ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. രോഗികളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിച്ചത് വന്‍ വിജയമായി. ഇതിന്റെ വെളിച്ചത്തില്‍, 1955ല്‍ മലമ്പനി നിര്‍മാര്‍ജ്ജനം ഒരു സര്‍വലോക ലക്ഷ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.
ഈ രോഗത്തിന് കൃത്യമായ ചികിത്സ എല്ലാ ഗവണ്മെന്റ് ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. അതിനാല്‍ മുന്‍കൂട്ടീ രോഗം കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദം ആക്കാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് മലമ്പനി ഉണ്ടാവുകയും ഇല്ല. മലമ്പനിബാധ കണ്ടുപിടിക്കാനായി പനി ബാധിച്ചവരുടെ രക്ത-സ്മീയര്‍ പരിശോധന നടത്തിയാല്‍ മതി.ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ വീടുകളില്‍ എത്തി പനിയുള്ളവരെ കണ്ടുപിടിച്ചു അവരുടെ രക്ത സ്മീയര്‍ എടുക്കുന്നു.
അതേസമയം മലമ്പനിക്കെതിരെ വാക്‌സിന്‍ നിലവിലില്ല .മലമ്പനി ബാധിത പ്രദേശങ്ങളില്‍ പോകുന്നവര്‍ക്ക്, താല്‍ക്കാലിക പ്രതിരോധത്തിനായി മലമ്പനിക്കെതിരായ മരുന്നുകള്‍ പ്രതിരോധ മരുന്ന് ആയി നല്‍കുവാനും (Prophylactic treatment ) സംവിധാനം ഉണ്ട്. ഏപ്രില്‍ 25 ലോകാരോഗ്യസംഘടന മലേറിയ ഡേയ് ആയി ആചരിക്കുന്നുണ്ട്.