സാമ്പത്തിക പ്രതിസന്ധി ; ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും എന്ന് ആര്‍ ബി ഐ ഗവര്‍ണ്ണര്‍
ഇപ്പോള്‍ ഉള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യ 1.9% വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷുന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ശക്തികാന്ത ദാസ് പറയുന്നു. പല മേഖലകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. മാര്‍ച്ചില്‍ വാഹന വിപണി കുത്തനെ ഇടിഞ്ഞു. ഉത്പാദന സൂചിക കഴിഞ്ഞ നാല് മാസമായി ഏറ്റവും താഴ്ന്ന നിലയിലാണെന്നും അദ്ദേഹം അറിയിച്ചു. ആഗോള സാമ്പത്തിക മേഖലയില്‍ സ്ഥിതി ഗുരുതരമാണ്. സേവന മേഖലയില്‍ വലിയ ഇടിവുണ്ടായി. എന്നാല്‍ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ഭദ്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണ്‍ ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയില്ല. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നു. 91% എടിഎമ്മുകളും പ്രവര്‍ത്തിച്ചു. 2020-21 വര്‍ഷത്തില്‍ 7.4% വളര്‍ച്ച ഇന്ത്യ നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപണിയില്‍ ധനലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.