കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിതീകരണം ഒരാള്‍ക്ക് മാത്രം ; ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിതീകരിച്ചത് ഒരാള്‍ക്ക് മാത്രം. കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കൊവിഡ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് 10 പേര്‍ രോഗ മുക്തരായി. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയിലെ ആറു പേരുടെയും എറണാകുളം ജില്ലയിലെ രണ്ടുപേരുടെയും, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.
അതേസമയം ലോക്ക് ഡൗണില്‍ കേരളത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രം. തോട്ടം മേഖലയെ തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൗണില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി. സഹകരണ സംഘങ്ങള്‍ക്കും ഏപ്രില്‍ 20ന് ശേഷം തുറന്ന് പ്രവര്‍ത്തിക്കാം.

കേരളത്തിന്റെ ആവശ്യം കൂടി കണക്കിലെടുത്താണ് തോട്ടം മേഖലയെ പൂര്‍ണ്ണമായും ലോക്ക് ഡൗണില്‍ നിന്നും ഒഴിവാക്കിയത്. ഏലം ഉള്‍പ്പെടെ എല്ല സുഗന്ധ വ്യഞ്ജന തോട്ടങ്ങളും ഇതില്‍ ഉള്‍പ്പെടും. ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ മൈക്രോ ഫിനാന്‍സ് കമ്പനികള്‍ കോപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റികള്‍ എന്നിവയ്ക്കും ഇളവ് ലഭിക്കും.

ഗ്രാമങ്ങളിലെ ജല വിതരണം, സാനിറ്റേഷന്‍, വൈദ്യുതി വിതരണം, ടെലികോം ഒപ്പറ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കി. തടി അല്ലാത്ത വന ഉല്‍പ്പാദന വിഭവങ്ങളുടെ ശേഖരണത്തിനും സംസ്‌കരണത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ഇറക്കിയ ഉത്തരവില്‍ അനുമതി നല്‍കുന്നുണ്ട്. ഏപ്രില്‍ 20 മുതലാണ് ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരുക.