അമേരിക്കയില്‍ ഒരു ദിവസം മരിച്ചത് 4591 പേര്‍ ; 24മണിക്കൂറില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണ നിരക്ക്
അമേരിക്കന്‍ ജനതയുടെ അന്തകനായി കൊറോണ വൈറസ്. വൈറസ് ബാധയുടെ ഏറ്റവും തീവ്രമായ ഘട്ടം കഴിഞ്ഞുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെ 24 മണിക്കൂറിനിടെ 4591 പേരാണ് രാജ്യത്ത് മരിച്ചത്. ലോകത്ത് കോവിഡ് ബാധിച്ച് ഒരു ദിവസം മരണമടയുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇതിന് മുന്‍പുള്ള ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബുധനാഴ്ചയായിരുന്നു. അന്ന് 2569 പേരാണ് ഒറ്റദിവസം മരണമടഞ്ഞത്. ഇതുവരെ 6,76,676 അമേരിക്കക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്ക് നഗരവും സമീപ പ്രദേശങ്ങളും ന്യൂ ജേഴ്‌സിയും കണക്ടികറ്റുമാണ് രാജ്യത്ത് കോവിഡ് വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ മാത്രം 2,26,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 16,106 പേര്‍ മരിക്കുയും ചെയ്തു. ന്യൂ ജേഴ്‌സിയില്‍ രോഗം സ്ഥിരീകരിച്ചത് 75,317 പേര്‍ക്കാണ്. ഇവിടെ 3518 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ വ്യാപിച്ചതിനെ തുടര്‍ന്ന് ലോകത്താകമാനം 1,44,000 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം യുറോപിലും അമേരിക്കന്‍ രാജ്യങ്ങളിലുമാണ് കോവിട് ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്.