വിവാദങ്ങള്‍ക്ക് പിന്നാലെ കെ.എം ഷാജിയ്ക്കെതിരെ വിജിലന്‍സ് കേസ് ; രാഷ്ട്രീയപകപോക്കലെന്ന് കെ.എം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനും കെ.എം ഷാജി എം.എല്‍.എയുമായിട്ടുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിന്റെ ഇടയില്‍ കെ.എം ഷാജി എം.എല്‍.എയ്ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനം. അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് കേസെടുക്കുക.

2017 ല്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്ന് പണം വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ തനിക്കെതിരെ കേസെടുക്കാനുള്ള വിജിലന്‍സ് നീക്കം രാഷ്ട്രീയപകപോക്കലെന്ന് കെ.എം ഷാജി പറയുന്നു. കേസിന് പിന്നില്‍ പിണറായി വിജയനാണ്. പ്രതിച്ഛായ തകര്‍ന്നതിലെ പക കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്നു അദ്ദേഹം പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.