രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു സ്വകാര്യ കമ്പനി കൂടി ; പിന്മാറാനൊരുങ്ങി ഐഎംഎ
സ്പ്രിന്‌ക്ലെര്‍ വിവാദം കത്തി നില്‍ക്കെ കൊവിഡ് കാലത്ത് വ്യക്തിഗത വിവര ശേഖരണത്തിലേക്ക് നയിക്കുന്ന മറ്റൊരു സര്‍ക്കാര്‍ നടപടി കൂടി വിവാദത്തില്‍. സര്‍ക്കാര്‍ ടെലിമെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തിയ സ്വകാര്യ കമ്പനി രോഗികളുടെ വിവര ശേഖരണം നടത്തുന്നുവെന്നാണ് പുതിയ ആരോപണം. ക്വിക്ക് ഡോക്ടര്‍ എന്ന സ്വകാര്യ കമ്പനിയാണ് പുതുതായി വിവാദത്തില്‍ പെട്ടിരിക്കുന്നത്.
പ്രവാസികള്‍ക്കടക്കം ഡോക്ടര്‍മാരുടെ ടെലി മെഡിസിന്‍ സേവനം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ കൈ കോര്‍ത്ത സ്വകാര്യ കമ്പനിയാണ് ക്വിക്ക് ഡോക്ടര്‍. ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയേയും സര്‍ക്കാര്‍ ഇതില്‍ പങ്കാളിയാക്കി. ടെലി മെഡിസിന്‍ വിവരങ്ങള്‍ സ്വകാര്യതയുമായി ബന്ധപ്പെട്ടതായതിനാല്‍ നിയന്ത്രണാവകാശം ഐഎംഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വിക്ക് ഡോക്ടര്‍ ഈ ആവശ്യം നിരാകരിച്ചു. സ്വകാര്യകമ്പനിയുടെ ഈ ആപ്പിലൂടെ ഡോക്ടറുമായി രോഗി പങ്കുവെക്കുന്ന ആരോഗ്യ-വ്യക്തിഗത വിവരങ്ങള്‍ക്ക് സുരക്ഷിതത്വമില്ലെന്നാണ് നിലവില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണം.
വ്യക്തിഗത വിവരങ്ങള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ സ്വകാര്യ കമ്പനിയുമായിച്ചേര്‍ന്നുളള ടെലിമെഡിസിന്‍ സംവിധാനത്തില്‍ നിന്ന് പിന്മാറാനൊരുങ്ങുകയാണ് ഡോക്ടര്‍മാരുടെ സംഘടന. അതേസമയം സര്‍ക്കാരിന്റെയും ഐഎംഎയുടേയും മുദ്രകള്‍ കമ്പനി വെബ്സൈറ്റില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.