സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ വഴിത്തിരിവ് ; ഇടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി
ദിവസം കഴിയുംതോറും സര്‍ക്കാരിനു കുരുക്ക് ആകുന്ന വിവാദമായ സ്പ്രിങ്ക്ളര്‍ ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഐ.ടി സെക്രട്ടറി എം ശിവശങ്കരന്‍ ഏറ്റെടുത്തു. കരാര്‍ നിയമവകുപ്പ് കാണേണ്ട എന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ താനാണ് തീരുമാനമെടുത്തത്, പോരായ്മകളുണ്ടെങ്കില്‍ തിരുത്തും. സ്വകാര്യ കമ്പനിയാണ് വിവരം ശേഖരിക്കുന്നത് എന്ന കാര്യം രോഗികളെ അറിയിച്ചിട്ടില്ലെന്നും ഐ.ടി സെക്രട്ടറി സമ്മതിച്ചു.
ഒരു പര്‍ച്ചേഴ്‌സ് ഓര്‍ഡര്‍ ആണെന്ന നിലയിലാണ് സ്പ്രിങ്ക്‌ളറുമായുള്ള കരാറുമായി മുന്നോട്ടു പോയതെന്നാണ് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്റെ വിശദീകരണം.
ഐ.ടി സെക്രട്ടറിയെന്ന നിലിയല്‍ സ്വന്തം നിലയിലാണ് തീരുമാനങ്ങളെടുത്തത്, സ്വകാര്യ കമ്പനി മുഖേനയാണ് വിവരശേഖരണം എന്നത് കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവരെ അറിയിച്ചിട്ടില്ല, വിവര ചോര്‍ച്ച തടയുന്ന നോണ്‍ ഡിസ്‌ക്ലോസര്‍ എഗ്രിമെന്റ് ഒപ്പിട്ടത് വിവാദങ്ങളുയര്‍ന്നതിന് ശേഷം ഏപ്രില്‍ 14നാണ്, വിമര്‍ശങ്ങള്‍ പരിഗണിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ആര്‍ക്കും ഇടപാടുമായി ബന്ധമില്ലെന്നും എം ശിവശങ്കരന്‍ പറഞ്ഞു.
അതേസമയം, സ്പ്രിംക്ളര്‍ വിവാദത്തില്‍ തുറന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് മറവില്‍ നാടുകണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ പബ്ലിക്ക് റിലേഷന്‍സ് ഓഫിസറെ പോലെയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. വ്യക്തികളുടെ അനുമതി വാങ്ങിയിട്ടാണോ വിവരങ്ങള്‍ കൈമാറുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇടാപടിനെ കുറിച്ച് മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നല്‍കണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.