ശിവശങ്കര്‍ ചാവേര്‍ ; കരാറിന്റെ നടത്തിപ്പുകാരന്‍ മുഖ്യമന്ത്രി തന്നെയെന്നു കെ.എസ് ശബരീനാഥന്‍

സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ ഐ.ടി ശിവശങ്കര്‍ സ്വയം ചാവേറാകുകയാണെന്നു എം.എല്‍.എ കെ.എസ് ശബരിനാഥന്‍. കരാറിന്റെ യഥാര്‍ത്ഥ നടത്തിപ്പുകാരന്‍ മുഖ്യമന്ത്രി തന്നെയാണെന്നും ശബരീനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഉന്നത ഉദ്യോഗസ്ഥന്‍ സ്വന്തം കൈയ്യൊപ്പ് ഡിജിറ്റലായി സ്വകാര്യ കമ്പനിക്ക് അയച്ചു കൊടുത്തത് ഗുരുതര പിഴവാണ്. ഇന്ത്യയുടെ നിയമങ്ങളെ ഐ.ടി. സെകട്ടറി ഇകഴ്ത്തിക്കാട്ടുകയാണ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയെ നേരത്തെ അറിയാമെന്ന ഐ ടി സെക്രട്ടറിയുടെ വാദം മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ്. വയോധികരായ മാതാപിതാക്കളെ പരിചരിച്ചതിനാല്‍ കമ്പനി ഇങ്ങോട്ടു വന്നു സഹായിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയെ ആണോ ഐ.ടി സെക്രട്ടറിയെ ആണോ വിശ്വസിക്കേണ്ടതെന്നും ശബരീനാഥന്‍ ചോദിച്ചു. 

ഐ.ടി സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തെന്ന വാദം നിയമ വിരുദ്ധമാണ്. അതിനെ ന്യായീകരിക്കാനുണ്ടാക്കിയ രേഖകള്‍ വ്യാജമാണ്. ഐ.ടി സെകട്ടറിക്ക് മാത്രം തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ശബരീനാഥന്‍ ചൂണ്ടിക്കാട്ടി. നേരത്തെ സ്പ്രിങ്ക്‌ളര്‍ ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഐ.ടി സെക്രട്ടറി എം ശിവശങ്കരന്‍ ഏറ്റെടുത്തിരുന്നു. കരാര്‍ നിയമവകുപ്പ് കാണേണ്ട എന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ താനാണ് തീരുമാനമെടുത്തത്, പോരായ്മകളുണ്ടെങ്കില്‍ തിരുത്തും. സ്വകാര്യ കമ്പനിയാണ് വിവരം ശേഖരിക്കുന്നത് എന്ന കാര്യം രോഗികളെ അറിയിച്ചിട്ടില്ലെന്നും ഐ.ടി സെക്രട്ടറി സമ്മതിക്കുകയായിരുന്നു.