മാസ്‌ക് ധരിക്കാതെ പുറത്തുപോയി ; മകനെ അച്ഛന്‍ കൊലപ്പെടുത്തി

പുറത്തു പോകുന്ന സമയം മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതിന് ഭിന്നശേഷിക്കാരനായ മകനെ പിതാവ് കൊന്നു. സിര്‍ഷേന്ദ് മാലിക്ക് എന്ന 45 വയസുള്ള ഭിന്നശേഷിക്കാരനാണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത ശ്യംപുകൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

തുടര്‍ന്ന് പിതാവ് 78കാരനായ ബാന്‍ഷിദര്‍ മാലിക്ക് പൊലീസില്‍ കീഴടങ്ങി. ശനിയാഴ്ച വൈകുന്നേരം ബാന്‍ഷിദര്‍ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യം അറിയിച്ചത്. മകനുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മകനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പിതാവിന്റെ മൊഴി.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മകന്‍ ഇടയ്ക്കിടെ പുറത്തു പോകാറുണ്ടായിരുന്നു. എന്നാല്‍, പുറത്തു പോകുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന പിതാവിന്റെ ആവശ്യം മകന്‍ അംഗീകരിച്ചില്ല. പ്രായമായ പിതാവും ഭിന്നശേഷിക്കാരനായ മകനും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.