കോവിഡ് മുക്ത സംസ്ഥാനമായി ഗോവ

രാജ്യത്തെ ആദ്യ കോവിഡ് മുക്ത സംസ്ഥാനമായി മാറി ഗോവ. ഇവിടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന ഏഴ് പേരും സുഖം പ്രാപിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കായിരുന്നു ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരായ ഇവരെ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീടുകളിലേക്ക് മടക്കി അയക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഗോവയ്ക്ക് ഇത് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും നിമിഷമാണെന്നാണ് അവസാന രോഗിയുടെയും കോവിഡ് ഫലം നെഗറ്റീവ് ആയെന്ന് അറിയിച്ചു കൊണ്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വിറ്ററില്‍ കുറിച്ചത്. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സഹായികള്‍ക്കും നന്ദി പറയാനും മുഖ്യമന്ത്രി മറന്നില്ല. ഏപ്രില്‍ മൂന്നിന് ശേഷം പുതിയ കോവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.