ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എന്ന് യുഎഇ രാജകുമാരി

ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു വെളിപ്പെടുത്തി യുഎഇ രാജകുമാരി ഹെന്ത് അല ഖാസിമി. സമൂഹ മാധ്യമങ്ങളില്‍ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഖാസിമി വ്യക്തമാക്കിയത്.

ഡല്‍ഹിയില്‍ നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ വംശജന്‍ സൗരഭ് ഉപധ്യായ് പങ്കുവച്ച ട്വീറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് ഹെന്തിന്റെ ട്വീറ്റ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുസ്ലീം വിഭാഗത്തെ ഒന്നടങ്കം അവഹേളിക്കുന്ന രീതിയിലായിരുന്നു സൗരഭിന്റെ ട്വീറ്റ്.

ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ക്ക് ചിലപ്പോള്‍ രാജ്യം വിട്ടു പോകേണ്ടി വരുമെന്നും ഹെന്ത് പറയുന്നു. ‘ഇന്ത്യക്കാരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് രാജകുടുംബം. എന്നാല്‍, രാജകുടുംബാംഗമെന്ന നിലയില്‍ നിങ്ങളുടെ മര്യാദയില്ലാത്ത ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാകില്ല. ഇവിടെ ജോലി ചെയ്യുന്നവരെല്ലാം പ്രതിഫലം പറ്റുന്നവരാണ് ആരും സൗജന്യമായി ജോലി ചെയ്യുന്നില്ല. നിങ്ങള്‍ക്ക് ആഹാരം നല്‍കുന്ന രാജ്യത്തെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ക്കെതിരെ കണ്ണടക്കില്ല.’ -ഹെന്ത് പറഞ്ഞു.

തബ്ലീഗി ജമാഅത്ത് പ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊറോണ പടരാന്‍ കാരണക്കാരെന്നും വൈറസ് പരത്താന്‍ മുസ്ലീങ്ങള്‍ ഭക്ഷണത്തില്‍ തുപ്പുന്നുവെന്നും ഇയാള്‍ തന്റെ ട്വിറ്റ്ല്‍ പറയുന്നു.