ലോക്ക്ഡൗണ്‍ കാലത്ത് മോഷണം നടത്തിയ പതിനാറുകാരനെ കോടതി വെറുതെ വിട്ടു

മോഷ്ടാവായ പതിനാറുകാരനോട് ക്ഷമിച്ച് കോടതി. പട്‌നയിലാണ് സംഭവം. ഒരു സ്ത്രീയുടെ പഴ്‌സ് മോഷ്ടിച്ച കൗമാരക്കാരനെയാണ് കോടതി വെറുതെ വിട്ടത്. മാനസിക വൈകല്യമുള്ള അമ്മയ്ക്കും സഹോദരനും ഭക്ഷണത്തിന് വക കണ്ടെത്തുന്നതിന് വേണ്ടിയാണ് കുട്ടി സ്ത്രീയുടെ പഴ്‌സ് മോഷ്ടിച്ചതെവ്വ് കോടതി കണ്ടെത്തി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദിവസങ്ങളായി ഇവര്‍ പട്ടിണിയില്‍ ആയിരുന്നു. ഭക്ഷണത്തിന് വേറെ മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ ആണ് കുട്ടി മോഷണം നടത്തിയത്.

ഇസ്ലാംപുര്‍ പൊലീസ് സ്റ്റേഷന് പരിസരത്തുള്ള മാര്‍ക്കറ്റില്‍ വെച്ചായിരുന്നു കുട്ടി സ്ത്രീയുടെ പഴ്‌സ് മോഷ്ടിച്ചത്. ഏപ്രില്‍ 17നായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാവിനെ കണ്ടെത്തിയത്. മോഷണം നടന്ന അതേദിവസം തന്നെ മോഷ്ടാവിനെ പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വിധിപ്രസ്താവവും അതേദിവസം നടന്നു.

അതേസമയം, കുട്ടിക്കും കുടുംബത്തിനും സര്‍ക്കാര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി താമസത്തിനും ഭക്ഷണത്തിനുമുള്ളത് ഉറപ്പുവരുത്താന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പാള്‍ മജിസ്‌ട്രേറ്റ് മാനവേന്ദ്ര മിശ്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നാലു മാസത്തിന് ശേഷം ജുവനൈല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.