രാജ്യാന്തര മരുന്ന് കമ്പനിയായ ഫൈസറുമായി സ്പ്രിംക്ളറിന് ബന്ധം ; വിവാദങ്ങളില്‍ മറുപടി പറയാതെ മുഖ്യമന്ത്രി

സ്പ്രിംക്ളറിന് എതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തു വരുന്ന പുതിയ വാര്‍ത്തകള്‍. ഡേറ്റ വിവാദത്തില്‍പ്പെട്ട സ്പ്രിംക്ളര്‍ കമ്പനിക്ക് രാജ്യാന്തര മരുന്ന് കമ്പനിയായ ഫൈസറുമായി ബന്ധം റിപ്പോര്‍ട്ട്. ഫൈസര്‍ മരുന്ന് കമ്പനിക്ക് സ്പ്രിംക്ളര്‍ ഡേറ്റ കൈമാറുന്നുണ്ട്. നിലവില്‍ കൊവിഡ് പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ഫൈസര്‍.

കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന ഡേറ്റ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മരുന്ന് കമ്പനികള്‍ക്കും കൈമാറ്റം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും, അതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരുമായി സ്പ്രിംക്ളര്‍ ഇത്തരത്തിലുള്ള കരാര്‍ ഉണ്ടാക്കിയതെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രീതിയിലാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍.

ഫൈസറിന്റെ ഒരു ക്ലയന്റാണ് സ്പ്രിംക്ളര്‍. സ്പ്രിംക്ളറാണ് ഫൈസറിന്റെ സോഷ്യല്‍ മീഡിയ വിശകലനം ചെയ്യുന്നത്. അതിന് വേണ്ടി ഉപയോഗിക്കുന്ന ടൂള്‍ സ്പ്രിംക്ളറിന്റേതാണെന്നും ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ കൊവിഡ് ബാധിതരുടേയും അവരുടെ കുടുംബത്തിന്റെയും വിവരങ്ങള്‍ ഫൈസറിന് കൈമാറാന്‍ സാധ്യത ഏറെയാണ്.

എന്നാല്‍ സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ പ്രതികരണത്തിനില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ചില മാധ്യമങ്ങള്‍ നുണവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. തനിക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതും കടന്നാണ് ഇവിടെയെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസിനെതിരായ പോരാട്ടത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മളിപ്പോള്‍ വൈറസിനെതിരെ പോരാടുകയാണ്. അതിനെ എങ്ങനെ ഒതുക്കാമെന്ന് നോക്കുകയാണ് നല്ലതെന്നായിരുന്നു സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ച് തുടങ്ങിയത്. ശുദ്ധമായ നുണ ഒരു കൂട്ടര്‍ കെട്ടിച്ചമച്ചുണ്ടാക്കുമ്പോള്‍ ഞാനെന്ത് പറയാന്‍, തെളിവുകള്‍ വരട്ടെ, എനിക്കില്ലാതെ വേവലാതി നിങ്ങള്‍ക്ക് എന്തിനാണ്, നിങ്ങള്‍ ഉന്നയിച്ചവരോട് പറയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം പഴയ ‘മാധ്യമസിന്‍ഡിക്കേറ്റ്’ വിവാദവും പിണറായി പരോക്ഷമായി സൂചിപ്പിച്ചു.