സാലറി ചലഞ്ചിന് ബദല്‍ മാര്‍ഗവുമായി സര്‍ക്കാര്‍ ; ഒരു മാസത്തെ ശമ്പളം അഞ്ച് മാസമായി പിടിക്കും

വ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സാലറി ചലഞ്ചിന് ബദല്‍ മാര്‍ഗവുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കാതെ തവണകളായി പിടിക്കാന്‍ ആണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഭേദഗതി ചെയ്ത സാലറി ചലഞ്ച് നടപ്പിലാക്കുക. ഒരുമാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കാതെ ഒരു മാസം ആറ് ദിവസത്തെ ശമ്പളം മാത്രം പിടിക്കും. ഇത്തരത്തില്‍ അഞ്ച് മാസം ശമ്പളം പിടിക്കും.

മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളത്തിന്റെ 30% പിടിക്കും. മാസ ശമ്പളം 20,000 രൂപയില്‍ താഴെയുള്ള ജീവനക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം സാലറി ചലഞ്ചില്‍ പങ്കെടുത്താല്‍ മതി. ഒരു വര്‍ഷത്തേക്കാകും പിടിക്കുക. നേരത്തെ ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ഐഎംഎ, കെജിഎംഒ എന്നീ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരെയും ഒഴിവാക്കാതെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഭേദഗതി ചെയ്ത സാലറി ചലഞ്ചുമായി മുന്നോട്ടുപോകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

ഇന്ന് രാവിലെയാണ് സാലറി ചലഞ്ച് ഒഴിവാക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഒരു വിഭാഗം ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നത്. മറ്റൊരു വിഭാഗം ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോള്‍ ഒരു വിഭാഗത്തില്‍ നിന്ന് മാത്രം ശമ്പളം പിടിക്കുന്ന നടപടിയിലേക്ക് കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കാത്തതാണ് സാലറി ചലഞ്ച് ഒഴിവാക്കാന്‍ കാരണം. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ സാലറി ചലഞ്ച് ഭേദഗതി ചെയ്തത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടണോ, അതോ ബദല്‍മാര്‍ഗം സ്വീകരിക്കണോയെന്ന കാര്യമാണ് ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തത്. ക്ഷാമബത്ത മരവിപ്പിക്കുന്നത് പോലുളള ബദല്‍ രീതികളും ധനവകുപ്പ് ആലോചിച്ചിരുന്നു. സാലറി ചലഞ്ചിന് പകരം ശമ്പളത്തിന്റെ ഭാഗമായ ക്ഷാമബത്ത 5 മാസത്തേക്ക് മരവിപ്പിക്കുക, കുടിശിക ആയിരിക്കുന്ന 12 ശതമാനം ക്ഷാമബത്താ കുടിശിക നല്‍കാതിരിക്കുക എന്നിവയാണ് ധനവകുപ്പ് കാണുന്ന ബദല്‍ നിര്‍ദ്ദേശങ്ങള്‍.