സൂക്ഷിക്കുക ; ലോകത്തിനെ കാത്തിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍ ; മുന്നറിയിപ്പുമായി യു.എന്‍

ലോകത്തെയാകെ തകിടം മറിച്ച കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ തുടരുമെന്ന മുന്നറിയപ്പ് നല്‍കി യു എന്‍. വന്‍കിട രാജ്യങ്ങള്‍ പോലും സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോള്‍. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ മൂലം പാവപ്പെട്ടവര്‍ പട്ടിണിയിലാണ്. എന്നാല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് ലോകം നേരിടാന്‍ പോകുന്നതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഐക്യരാഷ്ട്ര സംഘടന.

കോവിഡിനെത്തുടര്‍ന്ന് സാമ്പത്തികരംഗത്തുണ്ടാകുന്ന ആഘാതം ആഗോളതലത്തില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥക്കും പട്ടിണിക്കും കാരണമാകുമെന്ന് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി). ഭക്ഷ്യ ദൗര്‍ലഭ്യത്തിനൊപ്പം പട്ടിണി നിരക്ക് ഇരട്ടിയായി ഉയരും. ഈ വര്‍ഷം 265 ദശലക്ഷം ജനങ്ങള്‍ പട്ടിണി അനുഭവിക്കുമെന്നും ഡബ്ല്യു.എഫ്.പി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബേസ്‌ലി വ്യക്തമാക്കി.

കോവിഡിനെത്തുടര്‍ന്നുള്ള യാത്ര നിയന്ത്രണം ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മേഖലയില്‍ വരുമാനം നഷ്ടം ഏറെയാണ്. ആഗോള സാമ്പത്തികരംഗത്തും മാന്ദ്യം ദൃശ്യമാകും. 13.5 കോടി ജനങ്ങള്‍ ഇപ്പോള്‍ വിശന്ന വയറുമായി ജീവിക്കുന്നുണ്ട്. ഈ വര്‍ഷം 13 കോടി ജനങ്ങള്‍കൂടി ആ സ്ഥിതിയിലെത്തും. ഏതുവിധേനയും ജീവിതം കഴിച്ചുകൂട്ടുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് കോവിഡ് ശരിക്കും ദുരന്തമായി ഭവിക്കുമെന്ന് ഡബ്ല്യു.എഫ്.പി ഗവേഷക ഡയറക്ടറും സാമ്പത്തിക വിദഗ്ധനുമായ ആരിഫ് ഹുസൈന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ സാഹചര്യം നേരിടാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. അല്ലായെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും. നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടും. അതിലും കൂടുതല്‍ പേര്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടമാകും. കോവിഡിനു മുമ്പ് എല്ലാ നിസ്സാരമാണെന്ന് പറഞ്ഞിരുന്നവരുടെ അവസ്ഥ പോലും ഇപ്പോള്‍ പരിതാപകരമാണ്. ഭക്ഷണ ദൗര്‍ലഭ്യത്തിനൊപ്പം ജീവനോപാധികളും ഇല്ലാതാകുന്നത് ദുരിതം ഇരട്ടിയാക്കും. ഭക്ഷണത്തിനു കടുത്ത ക്ഷാമം നേരിടുന്നത് പോഷകാഹാര കുറവും വര്‍ധിപ്പിക്കും. അതേസമയം, കടുത്ത ദാരിദ്ര്യത്തിനും ക്ഷാമത്തിനുമുള്ള സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യെമന്‍, കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല, എത്യോപ്യ, ദക്ഷിണ സുഡാന്‍, സിറിയ, സുഡാന്‍, നൈജീരിയ, ഹെയ്തി എന്നിവയാണ് 2019 ല്‍ ഏറ്റവും ഭക്ഷ്യ പ്രതിസന്ധി നേരിട്ട 10 രാജ്യങ്ങള്‍.”കോവിഡ് -19 ന്റെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് വൈറസ് ബാധിച്ചതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും ബേസ്‌ലി പറഞ്ഞു.