ചാറ്റിംഗ് മാത്രമല്ല വാട്ട്‌സ്ആപ്പിലൂടെ ഇനി ഷോപ്പിംഗും നടത്താം

വാട്ട്സ്ആപ്പില്‍ കൂടി ഇനി നിങ്ങള്‍ക്ക് ചാറ്റ് ചെയ്തുകൊണ്ടുതന്നെ ഷോപ്പിംഗും നടത്താം. ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് തന്നെ വാട്ട്സ്ആപ്പ് വഴി നിങ്ങള്‍ക്ക് അടുത്തുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. ഇന്ന് റിലയന്‍സ് ജിയോയും ഫേസ്ബുക്കും (Reliance Jio-Facebook) പുതിയ കരാറില്‍ ഒപ്പുവെച്ചിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം വിഭാഗമായ ജിയോയുടെ 9.% ഓഹരിയാണ് ഫെയ്‌സ്ബുക്ക് വാങ്ങി. 43,574 കോടി രൂപയുടേതാണ് ഇടപാട്. ഫേസ്ബുക്കുമായുള്ള ഇടപാടിലൂടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. രാജ്യത്തെ സാങ്കേതികവിദ്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള നിക്ഷേപമാണിത് എന്നാണ് റിലയന്‍സ്? വ്യക്തമാക്കിയത്.

ഈ ഇടപാടിന് കൈകൊടുത്ത ശേഷം മുകേഷ് അംബാനിയാണ് അയല്‍പക്കത്തെ പലചരക്ക് കടകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം വാട്സ്ആപ്പ് വഴി നടത്താന്‍ വേണ്ടി രണ്ട് കമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയത്.

കൂടാതെ സമീപഭാവിയില്‍ ജിയോയുടെ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ടും (JioMart) വാട്സ്ആപ്പും (WhatsApp) ചേര്‍ന്ന് മൂന്ന് കോടി പലചരക്ക് കടക്കാര്‍ക്ക് അവരുടെ അയല്‍ ഉപഭോക്താക്കളുമായി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് കാലമായിട്ട് ഫേസ്ബുക്ക് അതിന്റെ പ്ലാറ്റ്ഫോമായ വാട്സ്ആപ്പില്‍ കൂടി ഡിജിറ്റല്‍ പേയ്മെന്റ് (Digital Payment)സേവനം ആരംഭിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇത് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. WhatsApp രാജ്യത്തുള്ള GooglePe, PayTM എന്നിവയ്ക്ക് ശേഷം പേയ്മെന്റ് പ്ലാറ്റ്ഫോമില്‍ എത്താന്‍ പോകുന്ന മൂന്നാമത്തെ അന്താരാഷ്ട്ര കമ്പനിയാണ്.

ജിയോയുമായുള്ള ഏറ്റവും പുതിയ കരാറിനുശേഷം വാട്ട്സ്ആപ്പിലെ സാധാരണ ഉപയോക്താക്കള്‍ക്കും ഇ-കൊമേഴ്സ് സേവനം ലഭ്യമാക്കും. വരും ദിനങ്ങളില്‍ ഈ പുതിയ ബിസിനസ് സംരംഭത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായേക്കാം. ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 40 കോടിയാണ്.