സ്പ്രിങ്ക്‌ളര്‍ കരാര്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ ; കോവിഡ് ഡേറ്റ കൈകാര്യം ചെയ്യാന്‍ എന്‍ഐസിയില്‍ സംവിധാനമുണ്ട്
സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ കേരള സര്‍ക്കാരിനെ തള്ളി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് 19 രോഗികളുടെ വിവരങ്ങള്‍ കൈകാര്യം നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ (എന്‍.ഐസി) സംവിധാനമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സ്പ്രിങ്ക്‌ളര്‍ കരാര്‍ ചോദ്യ ചെയ്തുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസ് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം എന്‍ഐസി ഒരുക്കും. സംസ്ഥാന സര്‍ക്കാരും സ്പ്രിങ്ക്‌ളറും തമ്മിലുള്ള കരാര്‍ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുന്നതല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാനുള്ള വ്യവസ്ഥകള്‍ കരാറിലില്ല. ഐ.ടി ആക്ടിന് വിധേയമായി വേണം സംസ്ഥാനങ്ങള്‍ വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടേണ്ടത്. ന്യൂയോര്‍ക്ക് കോടതിയിലാണ് കേസ് നടത്തേണ്ടത്. ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡേറ്റയാണ്. അത് സര്‍ക്കാര്‍ സംവിധാനങ്ങളാണ് കൈകാര്യം ചെയ്യേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരും ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം സ്പ്രിന്‍ക്ലറിന്റേത് സൗജന്യ സേവനമായതിനാല്‍ നിയമവകുപ്പിന്റെ അനുമതിയുടെ ആവശ്യമില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. 15000 രൂപയില്‍ താഴെ ഉള്ള സേവനങ്ങള്‍ നിയമവകുപ്പിന്റെ അനുമതിയില്ലാതെ വാങ്ങാന്‍ ഐറ്റി വകുപ്പ് മേധാവിക്ക് അധികാരം ഉണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
വന്‍തോതിലുള്ള വിവര ശേഖരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ലാത്തതിനാലാണ് സ്പ്രിന്‍ക്ലറിന്റെ സേവനം തേടിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തില്‍ നില്‍ക്കുമ്പോള്‍ ഒരു വ്യക്തിയുടെ സുരക്ഷയ്ക്കല്ല മുന്‍ഗണന നല്‍കേണ്ടി വരിക എന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. കേരളത്തിലെ നാലില്‍ ഒരു ഭാഗം ആളുകള്‍ കോവിഡ് പിടിയില്‍ ആകുമെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവചനം.
ആ ഘട്ടത്തില്‍ അടിയന്തരമായി സജ്ജമാകുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴി. സര്‍ക്കാരിന് വന്‍തോതില്‍ വിവര ശേഖരണത്തിന് സംവിധാനമില്ല. ഈ ഘട്ടത്തിലാണ് സ്പ്രിന്‍ക്ലര്‍ കമ്പനി സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നത്. പൊതുജന താല്പര്യം മുന്‍നിര്‍ത്തി ആണ് കരാര്‍ ഉണ്ടാക്കിയത്. ഇതാണ് ഇപ്പോള്‍ കേന്ദ്രം തള്ളിയത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം എന്‍ഐസി ഒരുക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.