സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല; ഭീഷണി നിലനില്‍ക്കുന്നു : മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ്-19 ന്റെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ്-19 ന്റെ മൂന്നാം ഘട്ടത്തില്‍ ഉണ്ടാകേണ്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നതാണ് നിലവിലുള്ള കണക്കുകള്‍ വെച്ച് അനുമാനിക്കാവുന്നത്. എന്നാല്‍ ഭീഷണി ഒഴിഞ്ഞു എന്ന് പറയാനായിട്ടില്ല. അത് തുടരുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തി വഴിയുള്ള വരവ് പൂര്‍ണമായും നിയന്ത്രിക്കും. കളിയിക്കാവിളയില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയ വനിതാ ഡോക്ടറെയും അവരെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച അവരുടെ ഭര്‍ത്താവിനെയും ക്വാറന്റൈന്‍ ചെയ്തതായും രണ്ട് പേര്‍ക്കും എതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
വാഹനങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് കൊല്ലത്ത് 4 കേസ് രജിസ്റ്റര്‍ ചെയ്തതായും കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വൈത്തിരി പൊലീസ് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. സാധനങ്ങളുടെ സ്റ്റോക്ക് പരിശോധിച്ച് സംഭരിക്കുന്നതിന് നിര്‍ദേശം നല്‍കി. റമദാന്‍ മാസം ആരംഭിക്കാന്‍ പോവുന്നതിനാല്‍ നോമ്പ് കാലത്ത് റസ്റ്റോറന്റുകള്‍ക്ക് പാര്‍സല്‍ നല്‍കാനുള്ള സമയം നീട്ടി നല്‍കും. രാത്രി 10 മണിവരെ ഹോം ഡെലിവറിയാണ് അനുവദിക്കുക. പഴവര്‍ഗങ്ങളുടെ വില വര്‍ധിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.