മാസപ്പിറവി ദൃശ്യമായി ; നാളെ മുതല്‍ നോമ്പ്

കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിസ്ഡം ഹിലാല്‍ വിംഗ് ചെയര്‍മാന്‍ കെ.അബൂബക്കര്‍ സലഫി എന്നിവരും അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് റമദാന്‍ മാസത്തിലെ ഇഫ്താര്‍, ജുമ, മറ്റ് നമസ്‌കാരങ്ങള്‍, കഞ്ഞി വിതരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം കൊവിഡ് പശ്ചാത്തലത്തില്‍ വേണ്ടെന്ന് വെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മത പണ്ഡിതന്മാരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പള്ളികളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.