യു.എ.ഇയില്‍ ഇന്ന് 8 കോവിഡ് മരണം ; മരണസംഖ്യ 64 ആയി ; മരിച്ചവരില്‍ മലയാളികളും

കൊറോണ വ്യാപകമായി നാശംവിതയ്ക്കുന്ന യു.എ.ഇയില്‍ ഇന്ന് എട്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി ഉയര്‍ന്നു. 525 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 9281 ആയിട്ടുണ്ട്. അതേസമയം 123 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. രോഗവിമുക്തി നേടിയവര്‍ ഇപ്പോള്‍ 1760 ആയി. 32,000 പേരില്‍ നടത്തിയ പരിശോധനകളില്‍ നിന്നാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ന് മരിച്ചവരില്‍ രണ്ടു മലയാളികളും ഉള്‍പ്പെടുന്നു. തൃശൂര്‍ ചേറ്റുവ ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് മരിച്ചത്. 65 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ദുബൈ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 45 വര്‍ഷമായി ദുബൈ പൊലീസിലെ മെയിന്റനന്‍സ് വിഭാഗം ജീവനക്കാരനായ ഷംസുദ്ദീന്‍ എട്ട് ദിവസം മുമ്പാണ് കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. പിന്നീട് നടന്ന പരിശോധയില്‍ കോവിഡ് സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദുബൈയില്‍ ഖബറടക്കും. ഈവര്‍ഷം പൊലീസ് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം.

കൂടാതെ കുട്ടനാട് സ്വദേശി ജേക്കബ് തോമസും കോറോണ രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞു. അതേസമയം കോറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ദുബായിലേര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവേര്‍പ്പെടുത്തിയിട്ടുണ്ട്. റംസാന്‍ മാസം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണിത്. ഇതിനിടയില്‍ ഗള്‍ഫില്‍ മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.