വിദേശത്ത് കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണം: പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു
കോവിഡ്-19 രോഗമല്ലാത്ത കാരണത്താല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിച്ചു. കോവിഡ്-19 രോഗമല്ലാത്ത കാരണത്താല്‍ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങളെല്ലാം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിക്കുന്നതിന് ഏപ്രില്‍ 23 വരെ യാതൊരുവിധ തടസ്സങ്ങളും,കാലതാമസവും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഡല്‍ഹിയിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം (Non Objection Certificate) വേണമെന്ന് ആവശ്യപ്പെടുന്നു. ഈ കാരണത്താല്‍ വിദേശത്തു നിന്നുള്ള മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസ്സം തുടങ്ങിയത്.
കോവിഡ് 19 കാരണങ്ങളില്ലാതെ മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ഇല്ലാതെ മുന്‍പ് ചരക്ക് വിമാനങ്ങളില്‍ നാട്ടിലെത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. അത്തരം ഒരു സാഹചര്യം നിലനില്‍ക്കവെയാണ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് നിലവില്‍ വരുന്നതും പ്രവാസി ഇന്ത്യക്കാര്‍ക്ക് വളരെയധികം പ്രയാസങ്ങള്‍ക്ക് വഴിവെച്ചതും.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും വിദേശകാര്യാ മന്ത്രാലയത്തിനും നിവേദനം സമര്‍പ്പിച്ചത്. മാന്യമായ മൃതസംസ്കാരം ഇന്ത്യന്‍ ഭരണഘടനയുടെ 21 ആം വകുപ്പ് ഉറപ്പ് വരുത്തുന്ന മൗലിക അവകാശമാണെന്നും അതിനാല്‍ കോവിഡ് 19 രോഗകാരണങ്ങളില്ലാതെ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ നല്കിയ നിവേദനത്തില്‍ ആവശ്യപെടുന്നു.
കുവൈറ്റില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തടഞ്ഞു വച്ചിരിക്കുന്ന വിവരവും ഇതുകൂടാതെ യു എ ഇ, സൗദി, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും സമാനമായി മൃതദേഹങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു.ഇന്ത്യന്‍ പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നീതി ലഭിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്ട്രി ഹെഡ് ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി, ബിജു സ്റ്റീഫനും അറിയിച്ചു.