കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ; പരീക്ഷണം കുരങ്ങുകളില്‍ വിജയം എന്ന് ചൈന

ചൈനയില്‍ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയമെന്ന് റിപ്പോര്‍ട്ട്. റിസസ് കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാതെയാണ് വിജയം കണ്ടെതെന്നാണ് പുറത്തു വരുന്ന വിവരം. ചൈനയില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയം കണ്ടതോടെ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എട്ടുകുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്,നാല് കുരങ്ങുകള്‍ക്ക് കൂടിയ അളവിലും മറ്റുള്ളവയ്ക്ക് കുറഞ്ഞ അളവിലുമാണ് വാക്‌സിന്‍ കൊടുത്തത്. കൂടുതല്‍ അളവില്‍ വാക്‌സിന്‍ നല്‍കിയ കുരങ്ങുകളിലാണ് മികച്ച ഫലം കണ്ടത്,വൈറസുകള്‍ കുത്തിവെച്ച് ഏഴ് ദിവസം കഴിഞ്ഞും ഇവയുടെ ശ്വാസകോശത്തിലോ കണ്ഠനാളത്തിലോ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തി.

ബെയ്ജിംഗ് ആസ്ഥാനമായ സിനോവാക്ക് ബയോടെക് ആണ് പരീക്ഷണം നടത്തിയത്,കുരങ്ങുകളില്‍ വാക്‌സിന്‍ കുത്തിവെച്ച ശേഷം കോവിഡിന് കാരണമായ സാര്‍സ് കോവ് 2 വൈറസുകളെ കുരങ്ങുകളുടെ ശ്വാസകോശത്തിലെ ട്യുബുകളിലൂടെ ഉള്ളിലേക്ക് കടത്തി വിട്ടായിരുന്നു പരീക്ഷണം.

ദിവസങ്ങള്‍ കഴിഞ്ഞ് പരിശോധന നടത്തിയപ്പോള്‍ കൂടിയ അളവില്‍ വാക്‌സിന്‍ കുത്തിവെച്ച കുരങ്ങുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് ചൈന തയ്യാറെടുക്കുന്നതായാണ് വിവരം.

ചൈന തങ്ങളുടെ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ നടത്തുന്നത് പാകിസ്താനില്‍ ആയിരിക്കുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ലോകമാകെ നാശം വിതയ്ക്കുന്ന കൊറോണ വൈറസിനെ തളയ്ക്കാന്‍ പല രാജ്യങ്ങളിലും വിവിധ വാക്‌സിന്‍ പരീക്ഷണങ്ങളാണ് നടക്കുന്നത്. അമേരിക്ക,ജെര്‍മനി,യുകെ,ഓസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരിടത്ത് നിന്നും പോസിറ്റീവ് ആയ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.