കുരങ്ങു പനി വ്യാപകമാകുന്നു ; വയനാട്ടില്‍ കൊറോണ സമാനമായ നടപടികള്‍ എടുക്കുവാന്‍ തീരുമാനം

കുരങ്ങു പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വയനാട്ടില്‍ കൊറോണ സമാനമായ നടപടികള്‍ എടുക്കുവാന്‍ തീരുമാനം.വയനാട്ടില്‍ കുരങ്ങുപനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുനെല്ലി അപ്പപ്പാറ മേഖലയെ ഹോട്ട്‌സ്‌പോട്ടിന് സമാനമായ മേഖലയായി തിരിക്കാന്‍ ആണ് തീരുമാനം. ഇവിടെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. രണ്ട് പേര്‍ ഇത്തവണ ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് തീരുമാനം.

തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ഉള്‍പ്പെടെയുളള കുരങ്ങുപനി സ്ഥിരീകരിച്ച മേഖലകളെ പ്രത്യേകം തരംതിരിച്ച് ഇവിടെ നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കാനാണ് തീരുമാനം. കൊവിഡ് ഹോട്ട്‌സ്‌പോട്ടിന് സമാനമായ രീതിയില്‍ ഇവിടെ ആളുകള്‍ക്ക് കൂട്ടംകൂടുന്നതിനും അടുത്ത് ഇടപഴകുന്നതിനും വിലക്കുണ്ടാകും. രോഗവ്യാപനം തടയുകയാണ് ലക്ഷ്യം.

അതേസമയം, രണ്ടാം ഘട്ട വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും മൂന്ന് തവണ വാക്‌സിനേഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയുടെ ചുമതലയുളള മന്ത്രി എ. കെ ശശീന്ദ്രന്‍ രോഗബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തി.