കേന്ദ്ര വിലക്ക് നീങ്ങി ; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ നടപടിയായി
മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്തതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റേയും ആരോഗ്യ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുള്ള ഉത്തരവാണ് ഇതെന്നാണ് വിവരം. രണ്ട് വകുപ്പുകളും നല്‍കുന്ന എന്‍ഒസിയുടെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലം കണക്കിലെടുത്താണ് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. ഇതിനെതിരെ നിരവധി പ്രവാസി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. പ്രതിഷേധം വ്യാപകമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.