ഏഴുപേര്‍ക്ക് കൂടി കൊറോണ ; ഏഴു പേര്‍ മുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 7 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് മൊത്തം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 457 ആയി. 116 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കോഴിക്കോട്, കണ്ണൂര്‍,കാസര്‍ഗോട്, ജില്ലകളില്‍ രണ്ട് പേര്‍ വീതവും വയനാട്ടില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്.  കണ്ണൂരില്‍ 55 പേരും കാര്‍ഗോഡ് 15 പേരും കോഴിക്കോട്ട് 11 പേരുമാണ് ചികിത്സയിലുള്ളത്. എന്നാല്‍ വയനാട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ആരും ചികിത്സയിലില്ല.

കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. കോഴിക്കോട് 84 കാരന് രോഗം ഭേദമായതും ആശ്വാസം നല്‍കുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂരിയാട്ട് അബൂബക്കറിനാണ് രോഗം മാറിയത്. ഇയാള്‍ക്ക് ഗുരുതരമായ മറ്റുരോഗങ്ങളുമുണ്ടായിരുന്നു.
വൃക്ക രോഗമുള്‍പ്പെടെ ഗുരുതര നിലയിലായിരുന്നു ഇദ്ദേഹം. ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. പ്രവാസികളുടെ സുരക്ഷക്ക് സ്വീകരിച്ച നടപടി കേന്ദ്രത്തെ അറിയിച്ചു. അതിലും കേന്ദ്രം അഭിനന്ദിച്ചു. ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്തുള്ള എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാമെന്നും അനുവാദം ഉണ്ട്. ഷോപ്പ് അന്‍ഡ് എസ്റ്റാബ്ലിഷ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കാം. 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ പാടില്ല. ഹോട്ട്‌സ്‌പോട്ടുകളിലെ മേഖലകളില്‍ ഇളവുകള്‍ ഇല്ല. നേരെ കച്ചവടം തുടങ്ങുകയല്ല വേണ്ടത്. കട ആദ്യം ശുചീകരിക്കണം. വ്യാപാരികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.