പോലീസ് അതിക്രമം വീണ്ടും ; ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്ററിനെ മര്‍ദിച്ചു റോഡിലൂടെ വലിച്ചിഴച്ചു
കൊറോണയുടെ മറവില്‍ കേരളാ പോലീസിന്റെ അതിക്രമം തുടരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്ററുമായ മനോഹരന്‍ മോറായിയെ പൊലീസ് അകാരണമായി മര്‍ദിച്ചു എന്ന് പരാതി. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്.
ഓഫീസിലേക്ക് പോകുന്നതിനിടെ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ കയറിയ സമയം ആണ് മനോഹരനു മര്‍ദനം ഏറ്റത്. ചക്കരക്കല്‍ സിഐഎ. വി ദിനേശനാണ് മര്‍ദിച്ചത്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന മുണ്ടയാട് ഹോട്ട്സ്പോട്ട് മേഖലയല്ല. എന്നിട്ടും സാധനങ്ങള്‍ വാങ്ങാന്‍ നിന്നവരെ സി.ഐ അടിച്ചോടിക്കുകയായിരുന്നു. എന്നാല്‍ ഓടാതെ മാറിനിന്ന മനോഹരനെ കൈയേറ്റം ചെയ്യുകയും ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു.
മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞ് അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും മര്‍ദനം തുടരുകയും ജീപ്പിനടുത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു എന്ന് മനോഹരന്‍ പറയുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മനോഹരന്‍ മോറായി. മുണ്ടയാട് ജേണലിസ്റ്റ് കോളനിയിലെ വീട്ടില്‍ നിന്ന് കണ്ണൂരിലെ ഓഫീസിലേക്ക് വരുന്നതിനിടെയാണ് കടയില്‍ കയറിയത്.
സിഐഅകാരണമായിമര്‍ദിച്ചെന്ന് കാട്ടി മനോഹരന്‍ മോറായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചുമാണ് കടയില്‍ വന്ന എല്ലാവരും നിന്നിരുന്നതെന്നും പരാതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനും ആവശ്യപ്പെട്ടു.