മടങ്ങിവരവിനുള്ള നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചു
വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. www.norkaroots.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ തിരിച്ചെത്തിക്കുന്നതിന് പരിഗണന കിട്ടില്ല. പകരം വിസിറ്റിങ്ങ് വിസ കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്കാണ് ആദ്യ പരിഗണന നല്‍കുക.
രജിസ്ട്രേഷന്‍ ആരംഭിച്ചാലും പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അനുമതിക്ക് വിധേമായിട്ടാവും നടപടിക്രമങ്ങള്‍. കോവിഡ് ഭീഷണിയെ തുടര്‍ന്ന് ആദ്യ 30 ദിവസത്തിനുള്ളില്‍ 5.5 ലകഷം വരെ പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയേക്കാമെന്ന് വിലയിരുത്തല്‍. ഇതില്‍ 28000ഓളം പേര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.
മടങ്ങിയെത്തുന്നവര്‍ക്ക് പ്രവാസി സംഘടനകള്‍ എല്ലാ സഹായവും ചെയ്തു കൊടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്നവരെ സ്‌ക്രീന്‍ ചെയ്യാന്‍ ആരോഗ്യവകുപ്പ് സംവിധാനമൊരുക്കും. അതുപോലെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമാണ് തിരികെയെത്തുന്നതിന് അനുമതി നല്‍കുന്നത്. തിരികെ പോരുന്നതിന് എത്ര ദിവസം മുമ്പ് ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് പിന്നീട് തീരുമാനിക്കും.
തിരികെയെത്തുന്നവരില്‍ രോഗലക്ഷണമില്ലാത്തവരെ വീടുകളിലേക്ക് അയക്കും. ഇത്തരക്കാര്‍ 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കളാരും വിമാനത്താവളത്തില്‍ എത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതി നേതൃത്വം നല്‍കും.