കൊറോണ ദുരന്തത്തിനിടയിലും ശുഭവാര്‍ത്ത ; ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞു
കൊറോണ വൈറസ് ലോകത്ത് നാശംവിതയ്ക്കുന്ന സമയത്തും ഭൂമിക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയായ ഒരു മഹാവിപത്ത് ഒഴിഞ്ഞു. ശാസ്ത്രലോകത്തിനെ ഏറ്റവും ഭയപ്പെടുത്തിയിരുന്ന ഓസോണ്‍ പാളിയിലെ വലിയ സുഷിരം അടഞ്ഞതായി റിപ്പോര്‍ട്ട്. ഓസോണ്‍ പാളിയില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ സുഷിരമാണ് ഇല്ലാതായിരിക്കുന്നത്. കോപര്‍നിക്കസ് അറ്റ്മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ച് നിരന്തരം നിരീക്ഷിക്കുന്ന മോണിറ്ററിംഗ് സര്‍വീസാണിത്.
പത്ത് ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയായിരുന്നു ഈ സുഷിരത്തിനുണ്ടായിരുന്നത്. സൂര്യനില്‍ നിന്നും പുറപ്പെട്ട് വരുന്ന അള്‍ട്രാ വൈലറ്റ് രശ്മികള്‍ അടക്കമുള്ള സൂര്യരശ്മികളെ ഭൂമിയിലെത്തിക്കാതെ തടയുന്നത് ഓസോണ്‍ പാളികളാണ്. യൂറോപ്യന്‍ യൂണിയന്റെ അന്തരീക്ഷ നിരീക്ഷണ സംവിധാനമായ കോപര്‍നിക്കസും വീഡിയോ സഹിതം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ധ്രുവപ്രദേശങ്ങളിലെ ചുഴലി ശക്തി കുറഞ്ഞതാണ് ഓസോണ്‍ പാളി പഴയ നിലയിലെത്താന്‍ കാരണം എന്നും പറയപ്പെടുന്നു.
കൊറോണ കാരണം ലോകത്തിലെ പല ഇടങ്ങളിലും വാഹനങ്ങള്‍ പുറത്തിറങ്ങിയിട്ടു ഒരു മാസത്തില്‍ ഏറെയായി. അതുപോലെ വലിയ ഫാക്ടറികള്‍ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. ഇതിലൂടെ അന്തരീക്ഷ മലിനീകരണം നന്നായി കുറഞ്ഞ അവസ്ഥയിലാണ് ഭൂമി ഇപ്പോള്‍.