‘ചിറ്റപ്പന്‍ സഹായിച്ച് ആകെ തിരക്കായി’, സ്പ്രിംഗ് ളര്‍ ഒരു പുകമറ
സോണി കല്ലറയ്ക്കല്‍
കൊറോണയെക്കാള്‍ പ്രതിപക്ഷം വല്ലാതെ ഭയപ്പെടുന്നത് പിണറായി വിജയന്‍ എന്ന വ്യക്തിയെയാണെന്ന് തോന്നുന്നു. തങ്ങള്‍ ഇല്ലാതാകുമോ എന്ന ഭയം. സ്പ്രിംഗ് ളര്‍ വിവാദം ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പ്രതിപക്ഷം പോലും ഉണ്ടന്നു ആരും അറിയാത്ത അവസ്ഥയായിരുന്നു ഇതുവരെ. പൌരത്വബില്‍ ഉള്‍പ്പെടെ പ്രതിരോധിക്കേണ്ട പല വിഷയങ്ങളും ഉണ്ടായപ്പോള്‍ നിര്‍ജ്ജീവമായിരുന്നല്ലോ നമ്മുടെ പ്രതിപക്ഷം. തങ്ങളൂടെ കമടമ നിര്‍വഹിക്കാന്‍ ചില നാടകങ്ങള്‍ കാട്ടിയിട്ട് പോയി എന്നതിനപ്പുറം എന്തായിരുന്നു അവരുടെ സംഭാവന.
ചില സമയങ്ങളില്‍ അഡ്ജസ്റ്റ് മെന്റ് രാഷ്ട്രിയം കളിക്കുന്നോ എന്ന പ്രതീതി പോലും ഉളവാക്കി. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നടത്തിയ ഭരണമികവ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയെന്നു മാത്രമല്ല ലോകത്തിന്റെ മുഴുവന്‍ അംഗീകാരം നേടിയെടുത്തു എന്നതാണ് സത്യം. എന്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കേരളത്തിന്റെ എം.പിയായ രാഹുല്‍ ഗാന്ധിപോലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയല്ല അഭിനന്ദിക്കുകയാണ് ഉണ്ടായത്. മറ്റൊന്നും ചിന്തിക്കാന്‍ പറ്റാതെ കൊറോണ ഭിതിയില്‍ ആശങ്കപ്പെട്ടു കഴിയുന്ന ജനങ്ങള്‍ക്ക് മുന്‍പില്‍ അധികാരം സ്വപ്നം കൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊരു വിവാദം അടിച്ചേല്‍പ്പിക്കണമായിരുന്നോ എന്ന് പ്രതിപക്ഷം ചിന്തിക്കണം. പ്രത്യേകിച്ച് എല്ലാ രാഷ്ട്രീയ അഭിപ്രായ ഭിന്നതകളും അകലെ നിര്‍ത്തി കേരള ജനത സാമൂഹ്യ അകലം പാലിച്ചു ഒറ്റകെട്ടായി മുന്‍പോട്ടു പോകുമ്പോള്‍.
ലക്ഷോപലക്ഷം പ്രവാസികള്‍ മലയാളികളാണ്. പറ്റുന്നിടത്തോളം പേരേ സ്വീകരിക്കാന്‍ തയാര്‍ ആയതും അവരുടെ ആശങ്കകളെ മനസ്സിലാക്കുകയും ചെയ്ത ഇന്ത്യന്‍ സംസ്ഥാനത്തെ ഒരേ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ആണ്. മഹാവ്യാധിക്കാലത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ചിട്ടും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഏറ്റവും കുറവ് മരണ സംഖ്യയും ഏറ്റവും കൂടുതല്‍ പേര്‍ സൗഖ്യമാകുന്നതും കൊവിഡ് കേസിന് 33 പ്രത്യേകം ഹോസ്പിറ്റലുകള്‍ നിമിഷം കൊണ്ട് സജ്ജമാക്കിയതും കേരളമാണ്. അതൊക്കെ ഒരു മുഖ്യമന്ത്രിയുടെ ഭരണ മികവ് തന്നെ ആണ്. ഇവിടുത്തെ സാധാരണക്കാരന് അവന്റെ അതിജീവനപ്രശ്‌നങ്ങളിലും ജീവനിലും മാത്രമേ ആശങ്കയുളളൂ. ആ വിഷയത്തില്‍ ഓരോരുത്തരും ഭയാശങ്കകളില്ലാതെ ജീവിക്കുന്നു എങ്കില്‍ ജനതയെ ചേര്‍ത്തു പിടിക്കുന്ന ഒരു സര്‍ക്കാര്‍ ഉളളത് കൊണ്ടാണെന്ന് ഓരോ കേരളീയനും വിശ്വസിക്കുന്ന കാലത്തോളം ഡാറ്റ വിവാദം ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുളള തൊഴുത്തില്‍ കുത്ത് രാഷ്ട്രീയം മാത്രമായി മാറും. ജനങ്ങള്‍ ജീവനോടെ ഇരുന്നാലേ വോട്ടു ചെയ്യാന്‍ അവരുണ്ടാകൂ എന്ന് ചിന്തിക്കാന്‍ പോലും കഴിവില്ലാത്ത ഇവരെ സാമാന്യ ബോധമുളള ജനത മനസ്സിലാക്കട്ടെ. ഇപ്പോള്‍ വെറുതെ നിലനില്‍പ്പിനായി കുത്തിപൊക്കിയ ഈ വിവാദവും തുടര്‍ന്നുണ്ടായ നേതാക്കളുടെ ജല്പനങ്ങളും കേരളനാടിനു വലിയ നാണക്കേട് വരുത്തിയെന്ന് മാത്രം.
സ്പ്രിഗ്ലര്‍ ഡാറ്റാ ചോര്‍ച്ച വിവാദം എന്ത് ?.
ഇത് വെറും പുകമറയും യാതൊരു അടിസ്ഥാനമില്ലാത്ത കാര്യവുമാണെന്ന് വ്യക്തമാക്കുന്നു എക്‌സിപീരിയന്‍സുള്ള ഐടി പ്രഫഷണലുകള്‍. അവര്‍ പറയുന്നത് ഇങ്ങനെ. പ്രൈവറ്റ് ഡാറ്റ ചോരുന്നു എന്നതാണ് ഏവരും ഉന്നയിക്കുന്ന പ്രശ്‌നം. വൈറലായ ഡാറ്റ ആണ് അതെങ്കില്‍ അത് പ്രശ്‌നം തന്നെയാണ് പക്ഷേ കൊറോണ വിഷയത്തില്‍ ശേഖരിക്കപ്പെടുന്ന ഡാറ്റയില്‍ ദുരുപയോഗിക്കാവുന്നവ എന്താണ് ഉള്ളതെന്ന് മനസിലാവുന്നില്ല. സാധാരണ ഗതിയില്‍ ദുരുപയോഗപെടുന്ന ഡാറ്റകള്‍ പറയാം. 1, ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് 2, കോള്‍ ഹിസ്റ്ററി 3, ഇന്റര്‍നെറ്റ് സെര്‍ച്ച് ഡീറ്റൈല്‍സ് 4, റിയല്‍ടൈം ലൊക്കേഷന്‍. നിലവിലെ അറിവില്‍ ഇത്തരത്തില്‍ ഒരു ഡാറ്റയും അപ്ലോഡ് ചെയ്യുന്നില്ല. ശേഖരിക്കുന്ന ഡാറ്റയില്‍ അക്കൗണ്ട് വിവരങ്ങളും റിയല്‍ ടൈം ലൊക്കേഷനുകളും ഷെയര്‍ ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ഈ കരാറിനെ പേടിക്കേണ്ടതുള്ളൂ. കാരണം സ്വകാര്യതയും പണവും ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ ആക്‌സസ് ചെയ്യാന്‍ സാധിക്കും. നിലവിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും അഡ്രസുമൊക്കെ അപ്ലോഡ് ചെയ്യുന്നത് കൊണ്ട് ഒരു പ്രശ്‌നവുമില്ല. കാരണം ഈ ഡാറ്റ വച്ച് ഇനി രോഗം വരാനുള്ള ഏരിയകള്‍ പ്രഡിറ്റ് ചെയ്യാം എന്നതില്‍ കവിഞ്ഞ് കമ്പനികള്‍ക്ക് കൂടുതലായി ഒരു ലാഭവും ഉണ്ടാക്കാനാവില്ല.
ക്ലൗഡ് സിസ്റ്റത്തെ പേടിക്കണ്ട യാതൊരു സാഹചര്യവും നിലവില്‍ ലോകത്തില്ല മൈക്രോസോഫ്റ്റ് മുതല്‍ ഫേസ്ബുക്ക് ഗൂഗിള്‍ തുടങ്ങി ബഹുഭൂരിപക്ഷം കമ്പനികളും സ്റ്റോറേജിനായി യൂസ് ചെയ്യുന്നത് ക്ലൗഡിനെ ആണ്. ഡെഡിക്കേറ്റഡ് സെര്‍വര്‍ ഒക്കെ വച്ച് ഡാറ്റ സൂക്ഷിക്കാം പക്ഷേ അതിന്റെ ഇന്റര്‍ഫേസ് ഉണ്ടാക്കണമെങ്കില്‍ മാസങ്ങള്‍ വേണം. സ്പ്രിഗ്‌ളര്‍ ഒരു മരുന്ന് കമ്പനിക്ക് ഡാറ്റ കൊടുക്കുന്നു എന്നാണ് ആരോപണം. അങ്ങനെ ചെയ്താല്‍ എന്താണ് തെറ്റ്. അത് വളരെ നല്ലതല്ലേ. വളരെയധികം ജനങ്ങള്‍ക്ക് വരുന്ന അസുഖം മനസിലാക്കിയാല്‍ പുതിയ മരുന്നുകള്‍ കണ്ടെത്താനും അത് ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമല്ലേ സാധിക്കുക. WHO പോലും ഉപയോഗിക്കുന്ന ഒരു ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ എന്തിനാണ് തര്‍ക്കം എന്നാണ് മനസിലാവാത്തത്. ഇനി പറയുന്നത് തിടുക്കത്തിലുള്ള കോണ്‍ട്രാക്ട് എന്തിന് എന്നാണ്. 80 ലക്ഷം ആളുകള്‍ക്ക് വരെ കോവിഡ് പടര്‍ന്നു പിടിച്ചേക്കാം എന്നൊരു പ്രെഡിക്ഷന്‍ വന്നപ്പോള്‍, അതിനെ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് നേരിടാനുള്ള തീരുമാനങ്ങളില്‍ ഒന്നാണ് ഡാറ്റാ അനലിറ്റിക്‌സ് സൊല്യൂഷന്‍.
ഡാറ്റാ കോംപ്ലക്‌സ് ആണെങ്കില്‍, ഒരു തീരുമാനമെടുക്കാന്‍ സാധാരണ രീതിയില്‍ കഴിയുന്നില്ലെങ്കില്‍, അത്തരം സാഹചര്യങ്ങളില്‍ ഒരു ഡയറക്ഷന്‍ ( സൂപ്പര്‍ പൊസിഷന്‍) കിട്ടാന്‍ നിലവിലുള്ളതില്‍ വച്ച് ഏറ്റവും മികച്ച സൊല്യൂഷന്‍ ആണ് ബിഗ് ഡാറ്റാ അനലിറ്റിക്സ്. അങ്ങനൊരു പരിശ്രമം നടത്തി എന്നത് സത്യത്തില്‍ അഭിനന്ദനാര്‍ഹമാണ്. പിന്നെ റിസ്‌ക് കൂടുതലുള്ള SaaS തെരഞ്ഞെടുത്തത്, SaaS ല്‍ മാത്രമാണ് റെഡിലി അവൈലബിള്‍ ആയൊരു സോഫ്റ്റ്വെയര്‍, സര്‍വീസ് ആയി പെട്ടെന്ന് തന്നെ ഉപയോഗിക്കാന്‍ പറ്റുന്നത്. മറ്റെല്ലാത്തിലും ഡെവലൊപ്‌മെന്റും, ചേഞ്ച് മാനേജ്‌മെന്റും ഒക്കെ വേണ്ടി വരും, അവയെല്ലാം വളരെയേറെ ചെലവേറിയതും, സമയം എടുക്കുന്നതുമായ പ്രോസസ്സ് ആണ്. എന്തുകൊണ്ട് ഇന്ത്യയില്‍ തന്നെ സ്റ്റോര്‍ ചെയ്യണമെന്ന് കോണ്‍ട്രാക്ടില്‍ പ്രത്യേകം എഴുതിച്ചേര്‍ത്തില്ല എന്നൊരു ചോദ്യം വന്നു. ഗ്ലോബല്‍ കമ്പനികളുടെ കസ്റ്റമേഴ്‌സ് എല്ലാം ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ളവരായിരിക്കും. അവര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം ക്‌ളോസുകള്‍ എഴുതി ചേര്‍ക്കുക എന്നത് സാങ്കേതികമായി അസാധ്യമാണ്. അതുകൊണ്ടു തന്നെ ഒരു കോമണ്‍ ടെംപ്‌ളേറ്റ് ആണ് ഉപയോഗിക്കുക. നിങ്ങളുടെ രാജ്യത്തിന്റെ ലോക്കല്‍ നിയമങ്ങള്‍ ബാധകമാണ് എന്നൊരു ലൈന്‍ ഉണ്ടെങ്കില്‍ പിന്നെ അതിനു മറ്റു വിശദീകരണം ആവശ്യമില്ല. ഇന്ത്യയിലെ സര്‍ക്കാര്‍ ഡാറ്റ ഇന്ത്യയില്‍ തന്നെ സ്റ്റോര്‍ ചെയ്യണം എന്നൊരു നിയമമുണ്ടെങ്കില്‍ അത് വീണ്ടും അവര്‍ത്തിക്കേണ്ടതില്ലെന്നു സാരം.
അങ്ങനെ ആവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യന്‍ നിയമം മുഴുവന്‍ എഴുതി ചേര്‍ക്കേണ്ടി വരും. അധ്വാനവും, സമയവും മിനക്കെടുത്തുന്ന ഒരാവശ്യവുമില്ലാത്തൊരു കാര്യം. അതുപൊലെ അവര്‍ ISO / GDPR സര്‍ട്ടിഫിക്കേറ്റ് ഒക്കെ ഉള്ളവരാണെങ്കില്‍, അവര്‍ അതില്‍ പറയുന്ന നിയമങ്ങള്‍ ബാധകമാകുന്നവര്‍ എന്നാണര്‍ദ്ധം. അതെല്ലാം വീണ്ടും വലിച്ചു വാരി കോണ്‍ട്രാക്റ്റില്‍ എഴുതേണ്ടതില്ല. 4, ഒരു ഡാറ്റാ ബ്രീച് ഉണ്ടായാല്‍ എന്തുകൊണ്ട് നാം അമേരിക്കയില്‍ പോയി കേസ് നടത്തണം?. ഇന്ത്യയെന്ന് മാത്രമല്ല ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും വളരെ ഇഫക്റ്റീവ് ആയൊരു ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം ഇല്ല. ഇപ്പോഴും സര്‍ക്കാരുകള്‍ അതില്‍ വ്യക്തത വരുത്തി വരുന്നതേ ഉള്ളു. അതില്‍ തന്നെ ശക്തമായ നിയമങ്ങള്‍ ഉള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. അവിടെ കേസു കളിച്ചാല്‍ എന്തെങ്കിലും നടക്കും. ഇന്ത്യയില്‍ കേസ് കളിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം. നമ്മുടെ ആധാര്‍ കാര്‍ഡിന്റെ ഏതാണ്ട് ഒരു കോടി യൂസര്‍ ഡാറ്റാ പുറത്തായി എന്നാരോപണം വന്നു. വെറും അഞ്ഞുറു രൂപയ്ക്കു ഇ ഡാറ്റാ പുറത്തു ലഭ്യവുമായിരുന്നു എന്നാണ് വാര്‍ത്ത. വാര്‍ത്ത വന്നപ്പോള്‍ കമ്പനി അത് നിഷേധിച്ചു, ലീക് എവിടെയെന്നു കണ്ടു പിടിച്ചു പരിഹരിച്ചു, വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്‍ത്തകനെതിരെ പോലീസ് FIR ഇട്ടു കേസ് രജിസ്റ്റര്‍ ചെയ്തു. ഇതാണ് പരമാവധി സംഭവിക്കുക.
എന്നാല്‍ സമാനമായ കേസ് ഫേസ്ബുക്കിന് എതിരെ വന്നപ്പോള്‍, ഫേസ്ബുക് അപ്പോളജിസ് ചെയ്യുകയും, 5 ബില്യണ്‍ ഡോളര്‍ ഫൈന്‍ അടക്കുകയും ചെയ്തു. ഇനി നിങ്ങള്‍ പറയൂ ഇന്ത്യയില്‍ കേസ് നടത്തണോ അതോ അമേരിക്കയില്‍ വേണോ? 5, എന്തുകൊണ്ട് നിയമ വകുപ്പിന്റെ അനുമതി വാങ്ങിയില്ല?. ഗവണ്മെന്റിലെ എന്നല്ല സാധാരണ പ്രൈവറ്റ് കമ്പനികളില്‍ പോലും ഐടി ടെക്‌നിക്കല്‍ ജാര്‍ഗന്‍സും, ആധുനിക വിവര സാങ്കേതിക വിദ്യയുടെ കോമ്പ്‌ലെക്‌സിറ്റിയും മനസ്സിലാക്കാന്‍ കഴിവുള്ള ഒരു നിയമ വിദഗ്ധനും ഇല്ല. അപ്പോള്‍ അവര്‍ പുറത്തുള്ള എക്‌സ്‌പെര്‍ട്ടുകളുടെയോ, അല്ലെങ്കില്‍ ഐടി വകുപ്പിന്റെയോ അഡൈ്വസ് ചോദിക്കും. സര്‍ക്കാരിന്റെ ഐടി സെക്രട്ടറിക്ക് അറിവും, കോണ്‍ഫിഡന്‍സും ഉണ്ടെങ്കില്‍, വീണ്ടും പണവും സമയവും മുടക്കി തേര്‍ഡ് പാര്‍ട്ടികളുടെ അഡൈ്വസ് എടുക്കണോ വേണ്ടയോ?. 6, ഡാറ്റാ ശേഖരിക്കുമ്പോള്‍ അതിലേ യൂസര്‍ എഗ്രിമെന്റ് സാധാരണ യൂസര്‍ക്ക് മനസ്സിലാകില്ല. അപ്പോള്‍ സ്പ്രിഗ് ളര്‍ എന്ന് മുകളില്‍ എഴുതി വയ്ക്കണം. ഒരാള്‍ വാട്‌സ് ആപ്പും, ഫേസ്ബുക്കും, ജിമെയിലും, യൂട്യൂബും, ഗൂഗിള്‍ മാപ്പും അങ്ങനെ സകലമാന സോഫ്റ്റ്വെയര്‍ ആപ്പ്‌ലികേഷനും സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ അയാള്‍ ഒരു യൂസര്‍ എഗ്രിമെന്റു സൈന്‍ ചെയ്തിട്ടുണ്ട്. ഒരാളുടെ സ്മാര്‍ട്‌ഫോണിലെ മുഴുവന്‍ ഡാറ്റയുടെയും ഒരു കോപ്പി അതാതു ഫോണ്‍ സര്‍വീസ് പ്രൊവൈഡേഴ്‌സിന്റെ ക്ളൗഡ് സ്റ്റോറേജില്‍ ഉണ്ട്. നിങ്ങള്‍ ഐഫോണ്‍ മാറ്റി സാംസങ് വാങ്ങിയാല്‍ ആപ്പിളിന് നിങ്ങളുടെ ഡാറ്റാ ദുരുപയോഗം ചെയ്തു കൂടെ എന്ന് ചിന്തിക്കാത്തതെന്തു?.
സര്‍ക്കാര്‍ ഡാറ്റ വില്‍ക്കുന്നു എന്ന ആരോപണം സത്യമെന്നു കരുതുന്ന നിഷ്‌കളങ്കരോടാണ് ഇനി സംസാരിക്കുന്നത്. നിങ്ങള്‍ സ്വയം സംസ്ഥാനത്തിന്റെ ഐടി യുടെ തലവന്‍ എന്ന് കരുതുക. നമുക്ക് എത്രയും വേഗം ഡാറ്റ അനാലിറ്റിക്സും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒക്കെ ഉപയോഗിച്ച് നമുക്കാവശ്യമുള്ള ഡാറ്റ സൃഷ്ടിക്കുന്നൊരു സോഫ്റ്റ്വെയര്‍ വേണം. നിങ്ങള്‍ ഇത് ടെന്‍ഡര്‍ വിളിച്ചു, ഒരു കമ്പനിയെ തിരഞ്ഞെടുത്തു, പുതിയതായി ഡെവലപ്പ് ചെയ്തു ലൈവ് ആക്കണമെങ്കില്‍ എന്ത് ചിലവും, കാലതാമസവും വരും എന്ന് ആ മേഖലയില്‍ വിവരമുള്ളവര്‍ക്കു വെറുതെ ഊഹിക്കാവുന്നതേയുള്ളു. അപ്പോഴാണ് മലയാളിയായൊരാള്‍, ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡില്‍ ഇങ്ങനൊരു സര്‍വീസ് പ്രൊവൈഡ് ചെയ്യുന്നൊരാള്‍, റെഡിലി അവൈലബിള്‍ സൊല്യൂഷന്‍ ഫ്രീ ആയി ഓഫര്‍ ചെയ്യുന്നത്. നിങ്ങള്‍ ആ ഓഫര്‍ സ്വീകരികുമോ, അതോ നമ്മുടെ സ്വാഭാവിക ടെണ്ടര്‍ പ്രോസസ്സിങ്ങിനായി മാസങ്ങളോളം കാത്തിരിക്കുമോ?. ഫ്രീ ആണ്, അപ്പോള്‍ കമ്പനിയുടെ പരസ്യം അല്ലെ അവന്റെ ലക്ഷ്യം?. നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത് ബിസിനസ് ലോകത്തു – നോ ലഞ്ച് ഈസ് ഫ്രീ – എന്ന സത്യമാണ്. ആധുനിക ബിസിനസ് മോഡലെല്ലാം വിന്‍-വിന്‍ സ്ട്രാറ്റജി പിന്തുടരുന്നതാണ്. ഒരാള്‍ വേള്‍ഡ് ക്ളാസ് ഐടി സര്‍വീസ് ഫ്രീ ആയി ഓഫര്‍ ചെയ്യുന്നുവെങ്കില്‍, അയാള്‍ അത് പരസ്യത്തിന് പോലും ഉപയോഗിക്കാന്‍ പാടില്ല എന്നത് വെറും ബാലിശമാണ്, അത് യാഥാര്‍ഥ്യമല്ലെന്നു ആര്‍ക്കാണറിയാത്തത്?. ഇനി പ്രൈവസി?. ഇ സര്‍വീസ് ഇപ്പോള്‍ ബില്‍ ഗേറ്റ്‌സ് നേരിട്ട് ഓഫര്‍ ചെയുന്നു എന്ന് വയ്ക്കുക, അപ്പോഴും ഇതേ ആരോപണം ഉന്നയിക്കാം. ഡാറ്റ മൈക്രോസോഫ്റ്റിന് വിറ്റു എന്ന് പറയാം. ഒരു കാര്യം മനസിലാക്കുക. അങ്ങനെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒരു പ്രൈവസിയും IT ലോകത്തില്ല.
ഒരു ഇന്റര്‍നെറ്റ് ക്ലൗഡ് സെര്‍വറില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ഒരു പ്രൊഫൈല്‍ ഡാറ്റയെക്കാള്‍ എത്രയോ സെക്യൂര്‍ ആണ് നെറ്റ്വര്‍ക്ക് കണക്ഷന്‍ ഇല്ലാത്ത നമ്മുടെ EVM മെഷീനുകള്‍. അതുമല്ലെങ്കില്‍ നിങ്ങളുടെ ഫേസ്ബുക് ആക്ടിവിറ്റിയും, യൂട്യൂബ് ആക്ടിവിറ്റിയും ഒബ്‌സര്‍വ് ചെയ്യുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് സോഫ്റ്റ്വെയര്‍ന് നിങ്ങളറിയുന്ന നിങ്ങളെക്കാള്‍ മികച്ചൊരു നിങ്ങളുടെ ക്ലോണ്‍ വളരെ ഈസിയായി സൃഷ്ഠിക്കാവുന്നതേഉള്ളു. എന്നിരുന്നാലും, എല്ലാ വേള്‍ഡ് ക്ളാസ് സര്‍വീസ് പ്രൊവൈഡേഴ്‌സിനും ഒരു സ്റ്റാന്‍ഡേര്‍ഡ് ഡാറ്റ നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഉണ്ടാകും. അത് എല്ലാ കസ്റ്റമേഴ്‌സിനും ബാധകമായ ഒരു കോമണ്‍ എഗ്രിമെന്റ് ആയിരിക്കും. അതിനപ്പുറത്ത് ഒരുറപ്പും അവര്‍ക്കു നല്‍കാനാവില്ല, കാരണം ഇതെല്ലം വലിയൊരു നെറ്റ്വര്‍ക്ക് ആണ്, ടീം വര്‍ക്ക് ആണ്, ഒരാളുടെ സ്വന്തമല്ല. ഒരു പ്രത്യേക കസ്റ്റമറിനുവേണ്ടി വേണ്ടി എന്തെങ്കിലും പുതിയതായി ചേര്‍ക്കുന്നുവെങ്കില്‍ അതിലൊന്നും വലിയ കാര്യമുണ്ടാവില്ല, ഡാറ്റ പോയാല്‍ കേസുകളിക്കാം, അവസാനം, വക്കീലിനും, ജഡ്ജിനും കേസ് പിടി കിട്ടാത്തതിനാല്‍ പ്രതികളെ വെറുതെ വിടുകയും ചെയ്യും. സുക്കര്‍ബര്‍ഗിനൊക്കെ എന്ത് സംഭവിച്ചു എന്ന് നാം കണ്ടതല്ലേ. ഇതൊക്കെ ഇതു സംബന്ധിച്ച് വിദഗ്ധരായ ഐ റ്റി പ്രൊഫഷണത്സില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ്. ശരിക്കും പറഞ്ഞാല്‍ വിവാദങ്ങള്‍ക്ക് അപ്പുറം നേരായ ഒരു പഠനമാണ് ഈ വിഷയത്തില്‍ സമൂഹത്തില്‍ ആവശ്യം. അല്ലാതെ സാധാരണക്കാരെ മണ്ടന്മാരാക്കുന്ന പ്രവണത ആരായാലും മാറ്റണം. സമൂഹത്തിന് പൊതുവായ വിവരം ഉണ്ടാക്കിക്കൊടുക്കുകയാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കളും നേതാക്കളും ചെയ്യേണ്ടത്. അല്ലാതെ മാധ്യമങ്ങളുടെ മുന്നില്‍ തോന്നിയത് വിളമ്പി കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്. പിന്നെ ഒരു ചോദ്യം?. മുഖ്യമന്ത്രിയുടെ മകള്‍ ആയി ജനിച്ചു പോയതില്‍ ഒരാള്‍ക്ക് ഒരു ഐ.ടി കമ്പനിയുടെ തലപ്പത്തിരിക്കാന്‍ പാടില്ലെ ?. മുഖ്യമന്ത്രിയുടെ മകളായി ജനിച്ചത് ഒരു അപരാധമോ ?. വെറുതെ ഒരു സംശയം.
‘ആകെ ബോറടിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ചിറ്റപ്പന്‍ തട്ടിപ്പോയത്. പിന്നെ ഫോണ്‍വിളിയായി, പന്തലുകെട്ടായി, പെട്രോമാക്സായി, പാട്ടുപെട്ടിയായി, മൈക്ക് സെറ്റായി, കപ്പപ്പുഴുക്കായി, കട്ടങ്കാപ്പിയായി …
ചിറ്റപ്പന്‍ സഹായിച്ച് ആകെ തിരക്കായി.’ ഇത് പ്രതിപക്ഷത്തിന്റെ നിലവിലെ അവസ്ഥ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന നിലപാട്. അത് പക്ഷേ, ജനങളുടെ ജീവന്‍ വച്ചാകരുത്. ഒരു ജനത മാരകമായൊരു ദുരന്തത്തില്‍ ജീവന്മരണ പോരാട്ടം നടത്തുന്ന സമയത്തു രാഷ്ട്രീയം കളിക്കുകയല്ല വേണ്ടത്.
സത്യത്തില്‍ ചടുലമായ തീരുമാനങ്ങളിലൂടെയും, നീക്കങ്ങളിലൂടെയും ആണ് കേരള സര്‍ക്കാര്‍ ഇ മഹാമാരിയോട് ഇതുവരെ ചെറുത്തു നിന്നത്. ഇനി മുന്‍പോട്ടും അങ്ങനെതന്നെ എന്ന് കരുതാം. ഇന്നത്തെ ഈ സാഹചര്യത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാ ഭിന്നതകളും മാറ്റിവെച്ച് മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും ശക്തമായ പിന്തുണകൊടുത്ത് കൂടെ നില്‍ക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. അതാകും നിങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരം. വിവാദത്തിനും തര്‍ക്കത്തിനുമെല്ലാം പിന്നിടു സമയമുണ്ടല്ലോ….