[LIVE]: ഫ്രാന്‍സിലെ കൊറോണ പ്രതിസന്ധിയില്‍ സാന്ത്വനമേകാന്‍ ലൈവ് പരിപാടികളുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഫ്രാന്‍സ്

പാരിസ്: യൂറോപ്പില്‍ സ്‌പെയിനിനും ഇറ്റലിയ്ക്കും ശേഷം ഏറ്റവും കൂടുത ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുത് ഫ്രാന്‍സിലാണ്. ദിവസേനയുള്ള മരണനിരക്ക് കുറയുന്നെങ്കിലും രാജ്യം ഇതുവരെ ദുരിതത്തില്‍ നിന്നും കരകയറിയിട്ടില്ല. ഏപ്രില്‍ 26 ഞായര്‍ രാവിലെ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതിനകം 22614 പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു. 1611488 പേര്‍ രോഗബാധിതരായി. ഇതില്‍ 4725 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ജീവനുവേണ്ടി പോരാടുകയാണ്. അതേസമയം 44594 രോഗികള്‍ സുഖം പ്രാപിച്ചു

ഏറെ വൈകിയാണ് ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കടുത്ത നടപടികളിലേക്ക് ഫ്രാന്‍സ് എത്തിയത്. വൈറസിന്റെ വ്യാപനം ഇതിനോടകം രാജ്യത്തിന്റെ പലഭാഗത്തും വര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രവാസികളായി ജീവിക്കുന്നവരെയും കൊറോണ ബാധിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും പഠനത്തിനും ജോലിക്കുമായി എത്തിയ പലരും മഹാമാരി അതിന്റെ തീവ്രത മുഴുവന്‍ പുറത്തെടുത്തതോടെ എന്തുചെയ്യണമെന്നറിയാതെ ഇപ്പോഴും പകച്ചു നില്‍ക്കുകയാണ്.

കൊവിഡിന്റെ തുടക്കത്തില്‍ നാട്ടിലേക്ക് മടങ്ങിയ കുറച്ചുപേര്‍ ഒഴിച്ചാല്‍ ഫ്രാന്‍സിലുള്ള മലയാളി സമൂഹവും കടുത്ത ആശങ്കയാണ് അനുഭവിക്കുന്നത്. ജോലിയും പഠനവും മുടങ്ങുകയും താമസ സ്ഥലത്ത് തന്നെ തുടരേണ്ട അവസ്ഥയും വന്നതോടെ മാനസിക സമ്മര്‍ദ്ദവും സാമ്പത്തിക പ്രശ്‌നങ്ങളും ഇരട്ടിയായി. നാട്ടിലേക്ക് മടങ്ങാന്‍ പോലുമാകാതെ സമ്മര്‍ദ്ദത്തിലാണ് മലയാളികള്‍ ഉള്‍പ്പെടയുള്ള ഭാരത സമൂഹം.

ഈ സാഹചര്യം കണക്കിലെടുത്താണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഫ്രാന്‍സ് എന്ന മലയാളികളുടെ സംഘടന ഫ്രാന്‍സിലെ മലയാളികള്‍ക്ക് ആശ്വാസതണലൊരുക്കിയിരിക്കുന്നത്. മാനസികമായ സമ്മര്‍ദ്ദം കുറയ്ക്കനായുള്ള പരിപാടികള്‍ സംഘടിപ്പിച്ചും അവശ്യ സേവനങ്ങളായ ഭക്ഷണം, ആശുപത്രി സേവനങ്ങള്‍ തുടങ്ങിയ എത്തിച്ചും ഒത്തൊരുമയുടെ സന്ദേശം പകരുകയാണ് ഫ്രാന്‍സിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഘടകം.

നാട്ടില്‍ നിന്നും പുതിയതായി എത്തിയ മലയാളികള്‍ക്ക് ഭാഷയുടെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ സഹായത്തിന് ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ഒരുക്കിയാണ് ഡബ്ല്യുഎംഎഫ് ഫ്രാന്‍സ് കൊവിഡ് കാലത്ത് സഹായമെത്തിച്ച് തുടങ്ങിയത്. അവശ്യ സേവനങ്ങള്‍ക്കായി ഡോക്ടറെയോ ആശുപത്രിയിലേക്കോ വിളിക്കാനും വിവരങ്ങള്‍ അന്വേഷിക്കാനും ഇവര്‍ തുടക്കം മുതല്‍ സഹായം നല്‍കി വരുന്നുണ്ട്. പിന്നീട് വീടിനകത്ത് തന്നെ ഇരിക്കേണ്ടി വന്നതിലൂടെ വരുമാനം മുടങ്ങിയവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികള്‍ പകര്‍ന്നു നല്‍കിയും ഭക്ഷണം എത്തിച്ചും പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

സഹായം ആവശ്യപ്പെട്ടു വിളിക്കാന്‍ മലയാളികളുടെ തന്നെ ഹെല്‍പ്പ് ലൈന്‍ നമ്പറും ഡബ്ല്യുഎംഎഫ് ഫ്രാന്‍സ് ലഭ്യമാക്കിയിട്ടുണ്ട്. ഫ്രാന്‍സിലെ മലയാളി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനായി സ്റ്റുഡന്റ് കൗണ്‍സില്‍ രൂപീകരണ ഘട്ടത്തിലാണ്. രാജ്യത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഏതാനും മലയാളി സെലിബ്രിറ്റികളും ഡബ്ല്യുഎംഎഫ് ഫ്രാന്‍സിനൊപ്പം ചേര്‍ന്ന് ആശ്വാസ ദൂത് പകരാന്‍ എത്തുകയാണ്.

ഏപ്രില്‍ ആദ്യവാരം മുതല്‍ തുടങ്ങിയ പരിപാടിയില്‍ പാട്ടുകാരും അഭിനേതാക്കളും സംഗീതജ്ഞരും ഉള്‍പ്പെടുന്ന താരങ്ങള്‍ ഡബ്ല്യുഎംഎഫ് ഫ്രാന്‍സിന്റെ ഫേസ്ബുക്ക് ലൈവിലൂടെ പ്രവാസികളെ സന്തോഷിപ്പിക്കാന്‍ എത്തുന്നുണ്ട്. ആഴചയവസാനം ഡബ്ല്യുഎംഎഫ് ഫ്രാന്‍സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സെലിബ്രിറ്റികള്‍ സംവദിക്കാനെത്തും. ഗായകരായ നേഹാ നായര്‍, സംഗീത് ഉള്‍പ്പടെയുള്ളവര്‍ ഇതിനകം ഡബ്ല്യുഎംഎഫ് ഫ്രാന്‍സിന്റെ ഭാഗമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതിനോടകം തന്നെ സംഘടനയുടെ ഫ്രാന്‍സ് ഘടകത്തിന്റെ സെക്രട്ടറി റോയ് ആന്റണിയും കുടുംബവും ആദ്യ ലൈവ് പ്രോഗ്രാം അവതരിപ്പിച്ച് പരിപാടികള്‍ക്ക് തുടക്കമിട്ടു. മലയാളി കുടുംബങ്ങള്‍ക്ക് ഏറെ സുപരിചിതനായ നടന്‍ കൃഷ്ണകുമാര്‍ ശനിയാഴ്ച ഫ്രാന്‍സ് മലയാളി കുടുംബങ്ങളുമായി സംവദിക്കാനായി ഡബ്ല്യുഎംഎഫ് ഫ്രാന്‍സിന്റെ പേജില്‍ ലൈവില്‍ എത്തിരിയിരുന്നു. ഞായറാഴ്ച പ്രവാസി തന്നെയായ ആരിഫ് അബൂബക്കര്‍ റോക്ക് മ്യൂസിക് നൈറ്റുമായാണ് എത്തുന്നത്. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി ഹിറ്റ് ഫേസ്ബുക്ക് ലൈവ് പരിപാടി സംഘടിപ്പിച്ച് മലയാളികള്‍ക്ക് ആശ്വാസമാവുകയാണ് ഡബ്ല്യുഎംഎഫ് ഫ്രാന്‍സ്.

വീട്ടിലിരുന്ന് മടുക്കുന്നവര്‍ക്ക് പഴയ ഉത്സാഹം തിരിച്ചുപിടിക്കാന്‍ സഹായകരമാവുന്ന മത്സരങ്ങളും ഡബ്ല്യുഎംഎഫ് ഫ്രാന്‍സ് സംഘടിപ്പിക്കുന്നുണ്ട്. ടിക്ടോക്ക് വീഡിയോ കോണ്ടെസ്റ്റും നടക്കുന്നുണ്ട്. മലയാളത്തിലുള്ള വീഡിയോ ഇതിനായി ഫ്രാന്‍സ് മലയാളി കുടുംബങ്ങള്‍ക്ക് അപ്ലോഡ് ചെയ്യാം. 2020ലെ ഓണാഘോഷത്തിന് കുടുംബസമേതം എന്‍ട്രിയും ഇതുവഴി സ്വന്തമാക്കാം. സ്റ്റേ ഹോം സ്റ്റേ സേഫ് സന്ദേശം പകരുന്ന വീട്ടില്‍ നിന്നു തന്നെ പകര്‍ത്താവുന്ന ഫോട്ടോഗ്രാഫി മത്സരങ്ങളും സംഘടിപ്പിച്ചട്ടുണ്ട്. സംഘടനയുടെ ഫ്രാന്‍സ് ഘടകം പ്രസിഡന്റ് ജിത്തു ജാന്‍, വൈസ് പ്രസിഡന്റ് ശിവന്‍ പിള്ളൈ, സെക്രട്ടറി റോയ് ആന്റണി, ജോയിന്റ് സെക്രട്ടറി രാം കുമാര്‍, ട്രെഷറര്‍ വികാസ് മാത്യു എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പേജ് ലിങ്ക്> https://www.facebook.com/groups/174974949675434/