ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ കൊവിഡ് പരിശോധനാ കിറ്റുകള്‍ കേന്ദ്രം പിന്‍വലിച്ചു

ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ മുഴുവന്‍ റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഗുണനിലവാരമില്ലായ്മയും അമിത വില സംബന്ധിച്ച വിവാദവുമുയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കിറ്റുകള്‍ മടക്കാന്‍ ഐസിഎംആര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. വോണ്ട്ഫോ ബയോടെക്, ലിവ്സോണ്‍ ഡയഗ്നോസ്റ്റിക്സ് എന്നീ കമ്പനികളുടെ റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളാണ് ഇനി ഉപയോഗിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

പരിശോധന ഫലത്തിന്റെ കൃത്യതയില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് കിറ്റുകളുടെ ഉപയോഗം നിര്‍ത്തിവച്ചിരുന്നു. ഐസിഎംആറിന്റെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ പരാതികള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു. ഇതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയ കിറ്റുകള്‍ തിരിച്ചുവിളിച്ചു. ചൈനീസ് കമ്പനികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടില്ലെന്നും ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടമുണ്ടായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരണ കുറിപ്പ് ഇറക്കി.

കിറ്റുകള്‍ ചൈനീസ് കമ്പനികള്‍ക്ക് തിരിച്ചയക്കും. അതേസമയം രാജ്യത്തിന് ആവശ്യമായ പരിശോധന കിറ്റുകള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ലക്ഷം റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളുടെ വില സംബന്ധിച്ച വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ തുക നിശ്ചയിച്ച കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്നും വിശദീകരിച്ചു.

നേരത്തെ ശശി തരൂര്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ ചൈനയില്‍ നിന്ന് കേടുവന്ന കൊവിഡ് പരിശോധനാ കിറ്റുകള്‍ വാങ്ങിയതിനെ വിമര്‍ശിച്ചിരുന്നു. കൂടാതെ നിരവധി സംസ്ഥാനങ്ങളില്‍ നിന്നും ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നു. കേരളത്തിലും ചൈനീസ് കിറ്റുകള്‍ ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം കിറ്റുകളുടെ കുഴപ്പമല്ല ഉപയോഗിച്ചതിന്റെ കുഴപ്പമാണ് എന്നാണ് കമ്പനി അധികൃതര്‍ പറഞ്ഞത്.