ഒരു അഭിനേതാവിന്റെ മുമ്പിലും യാചിക്കാന്‍ പോവില്ല എന്ന് പ്രിയദര്‍ശന്‍
ബോളിവുഡില്‍ തനിക്ക് ഏറ്റ അവഗണന തുറന്നു പറഞ്ഞു സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ സൂപ്പര്‍ഹിറ്റ് ബോളിവുഡ് സിനിമയായ ഹംഗാമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി മുന്‍നിര നായകന്‍മാരായ ആയുഷ്മാന്‍ ഖുറാനയെയും കാര്‍ത്തിക് ആര്യനെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെയുമൊക്കെ ആദ്യ ഘട്ടത്തില്‍ സമീപിച്ചെങ്കിലും അവരാരും താല്‍പര്യം കാണിച്ചില്ലെന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു. താന്‍ ഒരു കാലം കഴിഞ്ഞ സംവിധായകനാണ് എന്നാവുമെന്നാകും അവര്‍ കരുതുന്നുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ നേരിട്ട് പോയി അവരെ കണ്ടില്ല. പക്ഷെ എന്റെ കഥാതന്തു ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പോലുള്ള നടന്‍മാരോട് വിശദീകരിച്ചിരുന്നു. അവരെല്ലാവരും ഹംഗാമ 2 വേണ്ടെന്ന് വച്ചു. ഞാനിപ്പോള്‍ മീസാന്‍ ജാഫെറിയോടൊപ്പമാണ് ചിത്രം ചെയ്യുന്നത്. അവര്‍ കരുതുന്നുണ്ടാവുക ഞാന്‍ ഒരു കാലം കഴിഞ്ഞ സംവിധായകനാണെന്നാവും. കാരണം ഹിന്ദി സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഞാന്‍ അഞ്ച് വര്‍ഷമായി പുറത്താണ്’, പ്രിയദര്‍ശന്‍ പറഞ്ഞു.
അവര്‍ താല്‍പര്യക്കുറവ് കാണിച്ചു. അത് നിങ്ങളുടെ മുഖത്ത് നോക്കി പറയില്ല. ഞാന്‍ ഒരു അഭിനേതാവിന്റെ മുമ്പിലും യാചിക്കാന്‍ ഇഷ്ടമുള്ള ആളല്ല. ആരാണോ എന്നെ വിശ്വസിക്കുന്നത് അവരോടൊപ്പം ജോലി ചെയ്യാന്‍ ഇഷ്ടമുള്ളയാള്ളാണ്. കുറെ തവണ നിങ്ങള്‍ ഒരു നടനോട് ഒരു ചിത്രം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചാല്‍ അവര്‍ നിങ്ങളോട് ബഹുമാനം കാണിക്കും, കാപ്പി കുടിക്കാമെന്ന് പറയും, പതുക്കെ നിങ്ങളെ ഒഴിവാക്കും, കാരണം അവര്‍ നിങ്ങളെ വിശ്വസിക്കുന്നില്ല’, പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
ഹംഗാമ രണ്ടാം ഭാഗത്തില്‍ പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണിതാ സുഭാഷ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ആഗസ്തില്‍ റിലീസ് ചെയ്യും. പ്രിയദര്‍ശന്‍ മലയാളത്തില്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം കൊറോണ കാരണം റിലീസിംഗ് മാറ്റി വെച്ചിരുന്നു.