കൊറോണ ; നടന്‍ വിജയ് നല്‍കിയ 5000 രൂപ കാലുകള്‍ തളര്‍ന്ന അജിത് ആരാധകന് കൈമാറി വിജയ് ആരാധകന്‍

താരങ്ങളുടെ പേരില്‍ തമ്മില്‍ തല്ലാന്‍ മാത്രമല്ല പരസ്പരം സഹായിക്കാനും തങ്ങള്‍ക്ക് കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ് നാട്ടിലെ ആരാധകര്‍. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ തന്റെ ആരാധകര്‍ക്ക് സഹായവുമായി നടന്‍ വിജയ് എത്തിയിരുന്നു. 5000 രൂപ വീതമാണ് വിജയ് ദുരിതം അനുഭവിക്കുന്ന തന്റെ ആരാധകര്‍ക്ക് നല്‍കിയത്.

50 ലക്ഷം രൂപയാണ് ഇതിനുവേണ്ടി വിജയ് മാറ്റി വെച്ചത്. എന്നാല്‍ ഇങ്ങനെ ലഭിച്ച തുക തന്നെക്കാള്‍ കൂടുതല്‍ ദുരിതം അനുഭവിക്കുന്ന മറ്റൊരു താരത്തിന്റെ ആരാധകന് നല്‍കിയിരിക്കുകയാണ് വിജയുടെ ആരാധകരില്‍ ഒരാള്‍. കാലുകള്‍ തളര്‍ന്ന അജിത് ആരാധകനാണ് വിജയ് ആരാധകന്‍ കൂടിയായ മധുരൈ സ്വദേശിയായ നാഗരാജ് തനിക്ക് ലഭിച്ച പണം നല്‍കിയത്. മധുരൈ സ്വദേശി തന്നെയായ ശശികുമാറിനാണ് നാഗരാജ് പണം കൈമാറിയത്.

തനിക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അതിനേക്കാള്‍ മോശം സാഹചര്യമാണ് ശശികുമാറിന്റേതെന്ന് നാഗരാജ് പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായവരെ. ഇവരെ സഹായിക്കുന്നതിന് നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്. നടന്‍ വിജയ് 1.3കോടി രൂപയാണ് വിവിധ സര്‍ക്കാരുകള്‍ക്കായി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ക്കും ഫെഫ്‌സി യൂണിയനുമായാണ് തുക നല്‍കിയത്.

അത് കൂടാതെയായിരുന്നു ആരാധകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വിജയ് തീരുമാനിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും വിജയ് ധനസഹായം നല്‍കിയത് വാര്‍ത്താ സമ്മേളനത്തില്‍ എടുത്ത് പറഞ്ഞിരുന്നു. അതേസമയം താരങ്ങള്‍ നല്‍കിയ പണത്തിന്റെ കണക്കിനെ ചൊല്ലി തമിഴ്‌നാട്ടില്‍ ഒരു രജനികാന്ത് ആരാധകന്‍ വിജയ് ആരാധകനെ കൊലപ്പെടുത്തിയതും അടുത്തകാലത്തായിരുന്നു.