പ്രവാസികളെ നാട്ടിലെത്തിക്കാല്‍ ; എയര്‍ ഇന്ത്യക്കും, ഇന്ത്യന്‍ നേവിക്കും കേന്ദ്രനിര്‍ദേശം

പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിന് തയ്യാറാകാന്‍ എയര്‍ ഇന്ത്യക്കും, ഇന്ത്യന്‍ നേവിക്കും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. കടല്‍ മാര്‍ഗം എങ്ങനെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് നാവിക സേന അറിയിക്കണം. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി.

ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം യുഎസില്‍ നിന്നും യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും പ്രവാസികളെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രത്യേക വിമാനങ്ങളിലോ നിര്‍ത്തിവച്ചതില്‍ ചില സര്‍വീസുകള്‍ താല്‍ക്കാലികമായി അനുവദിച്ചോ ആവും യാത്രാ സൗകര്യമൊരുക്കുക. വിമാനക്കൂലി യാത്രക്കാര്‍ നല്‍കേണ്ടി വന്നേക്കും. ലക്ഷക്കണക്കിന് ആളുകള്‍ മടങ്ങിവരാനുണ്ടാവും. അവര്‍ക്കെല്ലാം സൗജന്യയാത്ര അനുവദിക്കുക പ്രായോഗികമല്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കോവിഡ് വ്യാപനവും പ്രവാസികള്‍ കൂട്ടത്തോടെ എത്തുന്നതും മുന്നില്‍ കണ്ട്, കോവിഡ് നിരീക്ഷണത്തിലാക്കേണ്ടവരെ താമസിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറെടുത്തു. കേരളത്തിലുള്ളവരെയും പ്രവാസികളെയും ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ ഇന്നലെവരെ സര്‍ക്കാര്‍ കണ്ടെത്തിയത് 2,39,642 കിടക്കകള്‍ക്കുള്ള സ്ഥലം. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും എറണാകുളത്തെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയവുമെല്ലാം സര്‍ക്കാര്‍ പട്ടികയിലുണ്ട്.