സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി ; ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു ഹൈക്കോടതിയുടെ സ്റ്റേ. പ്രത്യേക ഉത്തരവിലൂടെ ശബളം പിടിച്ചു വെയ്ക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാരിന്റെ വാദങ്ങളില്‍ നിന്ന് സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെന്ന് മനസിലാക്കുന്നു. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ പറഞ്ഞ് ശമ്പളം തടഞ്ഞുവെയ്ക്കുന്നത് അംഗീകരിക്കാനാകില്ല. ശമ്പളം ജീവനക്കാരന്റെ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സംഘടനകള്‍ ??ഹൈക്കോടതിയിയെ സമീപിച്ചത്. ശമ്പളം മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ഇത് വെട്ടിക്കറയ്ക്കലാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. സാലറി കട്ടല്ല താല്‍ക്കാലികമായ മാറ്റിവെക്കലാണെന്ന അഡ്വക്കറ്റ് ജനറലിന്റെ വാദവും കോടതി അംഗീകരിച്ചില്ല.
ശമ്പളം മാറ്റിവയ്ക്കുന്നത് എത്ര കാലത്തേക്കാണെന്നോ എന്ന് തിരിച്ചു നല്‍കുമെന്നോ ഉത്തരവില്‍ പറയുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ശമ്പളം മാറ്റിവയ്ക്കുന്നത് നിരസിക്കുന്നതിന് തുല്യമാണെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.