ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ ഇനിയും നീട്ടും ; മരണം 934 ആയി

രാജ്യത്ത് നാമമത്ര ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടുവാന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട ലോക് ഡൗണ്‍ നീട്ടുന്ന നടപടികള്‍ ആരംഭിച്ചു. 2-3 ആഴ്ചകള്‍ ലോക്ക് ഡൗണ്‍ നീട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. അവശ്യ വസ്തു വിലയിരുത്തലിനടക്കം നടപടികള്‍ തുടങ്ങി. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായ് ആഭ്യന്തര സെക്രട്ടറി നാളെ ചര്‍ച്ച നടത്തും.

ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച ആദ്യ സൂചനകള്‍ വരുന്നത്. യോഗത്തില്‍ സംസാരിച്ച ഒമ്പത് മുഖ്യമന്ത്രിമാരില്‍ അഞ്ചുപേരും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവര്‍ വൈറസ് ബാധിത മേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടെടുത്തു. വൈറസ് ബാധയുടെ തീവ്രതയനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,000 കടന്നു. രാജസ്ഥാനില്‍ 66 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജയ്പൂര്‍,ജോധ്പൂര്‍, അജ്മീര്‍ ,കോട്ട എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 2328 ആയി. 51 പേരാണ് മരിച്ചത്.

മഹാരാഷ്ട്രയിലെ ഹസൂര്‍ സാഹിബ് തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. പഞ്ചാബ് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു. അഹമ്മദാബാദില്‍ മാത്രം കണ്ടെന്റ്മെന്റ് സോണുകളുടെ എണ്ണം 197 ആയി. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇതുവരെ 32 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ മരണസംഖ്യ 50 ആയി. ചണ്ഡീഗഡില്‍ മൂന്ന് ഡോക്ടര്‍മാര്‍ അടക്കം ഒന്‍പത് പേര്‍ക്ക് രോഗം കണ്ടെത്തി.